Kerala

അന്‍വര്‍ തിരുത്തണം; പ്രസ്താവനകള്‍ പലതും പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: വിജയരാഘവന്‍

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തിരുത്തണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. അന്‍വറിന്റെ പ്രസ്താവന പാര്‍ട്ടിയെ തളര്‍ത്തുന്നതാണെന്നും ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ വിഷയങ്ങള്‍ അന്‍വര്‍ പാര്‍ട്ടി ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇടതുപക്ഷ എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഉയർന്നുവരുന്ന പ്രശ്നങ്ങൾ സർക്കാറിന്റെയും പാർട്ടിയുടെയും ശ്രദ്ധയിൽ പെടുത്തുകയാണ് സാധാരണ ​ഗതിയിൽ ചെയ്യേണ്ടത്. അങ്ങനെ ഒരു കാര്യം ഉന്നയിച്ചാൽ സ്വാഭാവികമായും പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള തെറ്റിനെ പിന്താങ്ങുകയോ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന നിലപാട് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനോ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ ഇല്ല.
അൻവർ പറഞ്ഞ പലതും പാർട്ടിയെ ദുർബലപ്പെടുത്തുന്നതും മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതുമാണ്. പൊതുവെ സി.പി.എമ്മിനെ സഹായിക്കുന്നതല്ല. അതുകൊണ്ട് അത്തരമൊരു നിലപാട് തിരുത്തണമെന്നാണ് ഞങ്ങൾ അദ്ദേഹത്തോട് സൂചിപ്പിച്ചത്. ഇപ്പോൾ അൻവർ നടത്തിയ പ്രസ്താവനകളുടെ പൊതുസ്വഭാവം നോക്കിയാലും അത് പാർട്ടിയെ സഹായിക്കാനോ സർക്കാറിനെ സഹായിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.