മധുര വിഭവങ്ങള്‍ക്കിടയില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് റവ കേസരി. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്നതു കൊണ്ടുതന്നെ ഇത് സ്ഥിരമായി കഴിക്കുന്നവര്‍ ആയിരിക്കും മിക്കവരും. വീട്ടില്‍ കുട്ടികള്‍ ഉണ്ടെന്നുണ്ടെങ്കില്‍ അവര്‍ക്ക് തയ്യാറാക്കി നല്‍കാവുന്ന നല്ലൊരു വിഭവം കൂടിയാണിത്. വളരെ എളുപ്പത്തില്‍ റവ കേസരി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം
ആവശ്യമായ ചേരുവകള്‍;
- റവ
- നെയ്യ്
- അണ്ടിപ്പരിപ്പ്
- ഉണക്കമുന്തിരിങ്ങ
- ഏലയ്ക്കാപ്പൊടി
- പഞ്ചസാര
തയ്യാറാക്കുന്ന വിധം;
റവ കേസരി തയ്യാറാക്കുന്നതിനായി ഒരു പാനിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ഒന്ന് ചൂടായി വരുമ്പോഴേക്കും ഇതിലേക്ക് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കുക. ശേഷം ഇത് കോരി മാറ്റിവെയ്ക്കുക. ഇനി ഇതേ പാനിലേക്ക് വെള്ളം ആവശ്യത്തിന് ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടിയും കാല്‍ ടീസ്പൂണ്‍ കളറും ചേര്‍ത്ത് ഒന്നു തിളപ്പിച്ച് എടുക്കാം. തിളച്ചതിനു ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വറുത്ത റവ ചേര്‍ത്തു കൊടുക്കാം.
ഇനി ഇത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം. വെള്ളമൊക്കെ വറ്റുന്ന പരുവം വരെയും ഇത് വേവിച്ചെടുക്കണം. ശേഷം ഇതിലേക്ക് ഒന്നേകാല്‍ കപ്പ് പഞ്ചസാര ചേര്‍ത്തു കൊടുക്കാം. ഈ പഞ്ചസാര ഒക്കെ ഒന്ന് മെല്‍റ്റ് ആയി കുറുകി വരുമ്പോഴേക്കും നമുക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് കൂടി ഇതിലേക്ക് ചേര്‍ത്ത് കൊടുക്കാം. ശേഷം നമ്മള്‍ വറുത്ത് മാറ്റിവെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ചേര്‍ത്ത് കൊടുക്കാം. നല്ല രുചികരമായ റവ കേസരി തയ്യാര്‍.
STORY HIGHLIGHTS: Rava kesari recipe