തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയെ തള്ളുകയോ കൊള്ളുകയോ വേണ്ടെന്ന് യുഡിഎഫ് തീരുമാനം. അൻവർ ഉയർത്തിയ ആരോപണങ്ങളിൽ കേന്ദ്രീകരിച്ചാൽ മതിയെന്നും അൻവറുമായി ആശയവിനിമയം നടത്തേണ്ട എന്നുമാണ് യുഡിഎഫ് നേതാക്കളുടെ ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചത്.
ഭരണപക്ഷ എംഎൽഎയുടെ തുറന്നുപറച്ചിലിനെ യുഡിഎഫ് നിസാരമായി കാണുന്നില്ലെന്നും ഗൗരവമേറിയതാണെന്നുമാണ് യോഗത്തിലെ വിലയിരുത്തൽ. അതേസമയം മുഖ്യമന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രതികരണം. നാളെ പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് പി.ഡി സതീശന്‍ പറഞ്ഞപ്പോള്‍ മന്ത്രിസഭയുടെ രാജി ആവശ്യപ്പെടുകയാണ് മുസ്ലിം ലീഗ്.
എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ച്ച നിലമ്പൂരിൽ പൊതുസമ്മേളനവും വിളിക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അൻവർ എംഎൽഎ മുന്നണി സംവിധാനത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയാണ്. മുന്നണി സംവിധാനത്തിൽ തുടരാൻ അൻവറിനോ അൻവറുമായി യോജിച്ച് പോകാൻ എൽഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവിൽ. പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും.