തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാറിനുമെതിരെ വിജിലൻസ് കേസെടുക്കണമെന്ന് ഹർജി. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയ്ക്കു നൽകിയ പരാതിയിൽ തുടർനടപടി സ്വീകരിക്കാത്തതിനാലാണു ഹർജിക്കാരനായ അഡ്വ.പി.നാഗരാജ് കോടതിയെ സമീപിച്ചത്. പരാതിയിൽ എന്തു നടപടി സ്വീകരിച്ചെന്നു വിജിലൻസ് ഡയറക്ടർ ഒക്ടോബർ ഒന്നിന് അറിയിക്കണം. സർക്കാർ നിലപാടും അന്നറിയിക്കാൻ കോടതി നിർദേശിച്ചതായി ഹർജിക്കാരൻ അറിയിച്ചു.
കോഴ, അനധികൃത സ്വത്തുസമ്പാദനം, ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തൽ, സോളർ കേസ് അട്ടിമറിക്കൽ തുടങ്ങിയവയാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം. സർക്കാർ പി.ശശിയെ അന്വേഷണ പരിധിയിൽനിന്ന് ഒഴിവാക്കി. അജിത്കുമാറിനും മലപ്പുറം മുൻ എസ്പി സുജിത്ദാസിനും എതിരെ മാത്രമാണു നാമമാത്രമായി അന്വേഷണം പ്രഖ്യാപിച്ചതെന്നു ഹർജിയിൽ പറയുന്നു.