അങ്കോല: ഷിരൂരിൽ അർജുന്റെ ലോറിയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കും. മൃതദേഹം അർജുന്റേതെന്ന് സ്ഥിരീകരിച്ചാൽ ഇന്ന് ഉച്ചയോടെ കുടുംബത്തിന് കൈമാറും. ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.
ഉത്തര കർണാടക ജില്ലയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണതായ മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഡ്രഡ്ജർ ഉപയോഗിച്ചാണ് തെരച്ചിൽ. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.