തൃശൂര്‍: തൃശൂർ പൂരത്തിനിടെ സംഘർഷത്തിന് ആസൂത്രിത ശ്രമം നടന്നെന്ന് സിപിഐ നേതാവ് വി.എസ്.സുനിൽ കുമാർ. എന്തിനും തയ്യാറായാണ് ആർഎസ്എസ് പ്രവർത്തകരെത്തിയതെന്ന് കലക്ടർ തന്നോട് പറഞ്ഞു. മന്ത്രി ആർ. രാജന്‍ എത്തിയാൽ സംഘർഷമുണ്ടാക്കാനാണ് ആർഎസ് എസ് പദ്ധതിയിട്ടിരുന്നത്. പൊലീസും തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ചേർന്നാണ് സംഘർഷം സൃഷ്ടിച്ചത്. പൂരം നിർത്തിവെക്കാന്‍ തിരുവമ്പാടി ദേവസ്വം നിർബന്ധിച്ചെന്ന് പാറമേക്കാവ് ഭാരവാഹികള്‍ പറഞ്ഞെന്നും മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിൽ കുമാർ വ്യക്തമാക്കി.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൊലീസും തമ്മിൽ തർക്കമുണ്ടായ വിവരം മാധ്യമങ്ങൾ വഴി അറിഞ്ഞു. ഉടൻ റവന്യൂ മന്ത്രി കെ. രാജനെ വിളിച്ചു. ഒരുമിച്ച് സംഭവസ്ഥലത്തേക്കു പോകുന്നത് സംബന്ധിച്ച് ആലോചിച്ചു. എന്നാൽ, മന്ത്രി വന്നാൽ ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് മുതിരുമെന്ന് കലക്ടർ അറിയിച്ചു. ചർച്ചക്ക് ഒരു തരത്തിലും തിരുവമ്പാടി വിഭാഗം വഴങ്ങുന്നില്ലെന്നും കലക്ടർ പറഞ്ഞു. അതിസുരക്ഷാമേഖലയിലെ ലൈറ്റ് സംവിധാനങ്ങൾ ഉന്നതതലത്തിലുള്ളവർ ഇടപെട്ടല്ലാതെ അണക്കാനാവില്ല. സംഘർഷത്തിനിടെ പൂരനഗരിയിലെ വിളക്കണച്ചതിലും വലിയ ദുരൂഹതയുണ്ട്. ഇതിനൊക്കെ ഉത്തരം കിട്ടണം. നേരായ അന്വേഷണം നടന്നില്ലെങ്കിൽ രാഷ്ട്രീയമായി തന്നെ ഇടപെടും. ഇടതുപക്ഷമെന്നാൽ ഒരു വ്യക്തി മാത്രമല്ലെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് സുനിൽകുമാർ പറഞ്ഞു.