ഒമാനിലെ പ്രഥമ യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവലിന് മസ്കത്തിൽ തുടക്കമായി. സെപ്റ്റംബർ 23 മുതൽ 30 വരെ മാൾ ഓഫ് ഒമാനിലെ വോക്‌സ് സിനിമാസിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 15 ഓളം സിനിമകളും ഡോക്യുമെന്ററികളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഒമാനിലെ ഫ്രഞ്ച് എംബസിയും യൂറോപ്യൻ യൂണിയൻ ഡെലിഗേഷനും വോക്‌സ് സിനിമാസ്, ഇന്റർനാഷ്ണൽ ഫിലിം ഫൗണ്ടേഷൻ ഓഫ് ഒമാനിലെ അറബ്‌വുഡ് ടീം എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവൽ യൂറോപ്യൻ സിനിമകളുമായുള്ള സാംസ്‌കാരിക വിനിമയവും പ്രേക്ഷകരുടെ ഇടപഴകലും പ്രോത്സാഹിപ്പിക്കുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്. ഫ്രാൻസ്, ഇറ്റലി, സൈപ്രസ്, സ്‌പെയിൻ, റൊമാനിയ, നെതർലാൻഡ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.
പ്രവൃത്തി ദിവസങ്ങളിൽ 4,5 സ്‌ക്രീനുകളിൽ വൈകുന്നേരം 6 മുതൽ 10 വരെയാണ് പ്രദർശനമുണ്ടാവുക. വാരാന്ത്യങ്ങളിൽ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കുട്ടികളുടെ പ്രത്യേക സിനിമാ പ്രദർശനമുണ്ടാകും. ഇതിന് ശേഷം 6മണി മുതൽ 10 മണി വരെ സാധാരണ സിനിമകളും പ്രദർശിപ്പിക്കും.