ചോറുണ്ണാൻ മടിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും വാഴയിലയിലോ ടിഫിൻബോക്സിലോ ചോറുവിളമ്പി മുകളിലൽപ്പം ബീറ്റ്‌റൂട്ട് തോരൻ കൂടി വച്ച് ഉച്ചഭക്ഷണമൊന്നൊരുക്കി നോക്കൂ. കൊതിയോടെ അവർ ചെഞ്ചോപ്പു ചോറ് അകത്താക്കുന്നതു കാണാം. എന്നാലൊരുക്കിയാലോ കിടിലൻ ലുക്കുള്ളൊരു ബീറ്റ്റൂട്ട് തോരൻ.
ചേരുവകൾ
- ബീറ്റ്റൂട്ട് ഇടത്തരം – 2 എണ്ണം
- പച്ചമുളക് – 3 എണ്ണം
- സവാള ഇടത്തരം – 1 എണ്ണം
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- വെളുത്തുള്ളി –2 എണ്ണം അരിഞ്ഞത്
- ഉണക്കമുളക് – 2 എണ്ണം
- കടുക് – 1/2 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- വെളിച്ചെണ്ണ– കുറച്ച്
- കറിവേപ്പില – 2 തണ്ട്
പാകം ചെയ്യുന്ന വിധം
ബീറ്റ്റൂട്ട് ചോപ്പറിൽ നന്നായി അരിഞ്ഞെടുക്കുക. ഇതിൽ സവാള കൊത്തിയരിഞ്ഞതും അരിഞ്ഞ പച്ചമുളകും തേങ്ങയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ അര ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. അതിൽ 2 വെളുത്തുള്ളി അരിഞ്ഞതും 2 ഉണക്ക മുളകും 2 തണ്ട് കറിവേപ്പിലയും ചേർത്തു വഴറ്റുക. അതിലേക്ക് തിരുമ്മി യോജിപ്പിച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അൽപം വെള്ളം (3–4 ടേബിള്‍ സ്പൂൺ) ചേർത്ത് അടച്ചു വച്ച് ചെറുതീയിൽ 5 മിനിറ്റ് വേവിച്ച് തുറന്നു നന്നായി വെള്ളം വറ്റിച്ചെടുത്ത് ഉപയോഗിക്കാം.
content highlight: beetroot-thoran-recipe