Thiruvananthapuram

ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപമുള്ള മാലിന്യകൂമ്പാരം നാലു ദിവസത്തിനകം നീക്കം ചെയ്യണം മനുഷ്യാവകാശ കമ്മീഷൻ

ബീമാപ്പള്ളി നഴ്സറി സ്കൂളിന് സമീപമുള്ള മാലിന്യ നിക്ഷേപം നഗരസഭാ സെക്രട്ടറിയും ഹെൽത്ത് ഇൻസ്പെക്ടറും നഗരസഭയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും 4 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സ്വീകരിച്ച നടപടികൾ നഗരസഭാ സെക്രട്ടറിയോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥനോ ഒക്ടോബർ 9ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി വിശദീകരണം സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബീമാപ്പള്ളി നഴ്സറി സ്കൂളിലെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇതിലേക്കായി നഗരസഭാ സെക്രട്ടറിക്കും സ്കൂൾ അധികൃതർക്കും മുൻകൂർ നോട്ടീസ് നൽകിയ ശേഷം വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ നിയോഗിക്കുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സ്കൂൾ സന്ദർശിക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

സ്കൂളിലെ അപര്യാപ്തതകൾ മനസിലാക്കി നിലവിലുള്ള മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള സൗകര്യങ്ങൾ സ്കൂളിലുണ്ടോ എന്ന് പരിശോധിക്കണം. എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് സ്കൂളിൽ അനിവാര്യമെന്നതിനെകുറിച്ച് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.

പഠനത്തിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ നഴ്സറിയിലില്ലെന്ന് പത്രവാർത്തയിൽ പറയുന്നു. മത്സ്യഭവന്റെ രണ്ടു ഓഫീസുകൾക്ക് നടുവിൽ ഒറ്റ മുറിയിലാണ് നഴ്സറി പ്രവർത്തിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങൾ പഠിക്കുന്ന ക്ലാസ് മുറിക്ക് സമീപം മാലിന്യകൂമ്പാരമാണ്. കളിപ്പാട്ടമോ കളിസ്ഥലമോ ഇല്ലാതെ കുട്ടികൾ വീർപ്പുമുട്ടുന്നു. കുട്ടികൾക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലം, പൈപ്പുകൾ, ശുചിമുറി എന്നിവ ലഭ്യമല്ല. പാവപ്പെട്ട മത്സ്യത്തഴിലാളികളുടെ വീട്ടിൽ നിന്നും വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ അവകാശ നിഷേധമാണ് നടക്കുന്നതെന്നും വാർത്തയിൽ പറയുന്നു.

CONTENT HIGHLIGHTS;Human Rights Commission to remove garbage dump near Bimapally Nursery School within four days

Latest News