ആരോഗ്യസംരക്ഷണം, വ്യവസായം, ഗവേഷണം എന്നിവയെ സമന്വയിപ്പിച്ച് കേരളത്തിന്റെ മറ്റു മേഖലകളിലും ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രധാന ലൈഫ് സയന്‍സ് കോണ്‍ക്ലേവായ ബയോ കണക്റ്റിന്റെ രണ്ടാമത് എഡിഷന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജ്ഞാനാധിഷ്ഠിത സമൂഹത്തെ ശക്തിപ്പെടുത്തുന്നതില്‍ ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ബയോടെക്നോളജിയിലും ആരോഗ്യ പരിരക്ഷാ ഉപകരണരംഗത്തെ ഇന്നൊവേഷനുകള്‍ക്കും ഊന്നല്‍ നല്‍കുകയാണ് ഇത്തരം പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കുകൂടാതെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ലൈഫ് സയന്‍സസ് പാര്‍ക്കുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
നിപ വൈറസ്, കോവിഡ്-19 തുടങ്ങിയ രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനും പ്രതിരോധിക്കുന്നതിനും കേരളം സ്വീകരിച്ച മാര്‍ഗങ്ങള്‍ ആരോഗ്യ സംരക്ഷണത്തിലും ബയോടെക്നോളജിയിലും മുന്നേറ്റത്തിനുള്ള വഴിതുറക്കല്‍കൂടിയായിരുന്നു. മൈക്രോബയോം, ന്യൂട്രാസ്യൂട്ടിക്കല്‍സ്, ജീനോം ഗവേഷണം എന്നിവയില്‍ മികവിന്റെ കേന്ദ്രങ്ങള്‍ക്കും സംസ്ഥാനം തുടക്കമിട്ടുകഴിഞ്ഞു. ലൈഫ് സയന്‍സ് രംഗത്തെ ഗവേഷണത്തിലും വികസനത്തിലും ഇന്നൊവേഷന്‍ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് ആരോഗ്യ സംരക്ഷണത്തെ വ്യവസായവുമായി ബന്ധിപ്പിക്കുകയാണ് പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ മെഡിക്കല്‍ ഉപകരണ വ്യവസായത്തില്‍ 25 ശതമാനം വരുന്ന കേരളത്തിന്റെ സംഭാവന വരുംവര്‍ഷങ്ങളില്‍ ഇരട്ടിയാക്കി ഉയര്‍ത്തുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു. ബയോ കണക്ട് 2.0 യില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളും ഭൂപ്രകൃതിയും മികച്ച മനുഷ്യവിഭവശേഷിയും ലൈഫ് സയന്‍സ് മേഖലയിലെ ഗവേഷണ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വൈറല്‍ രോഗങ്ങളെ ചെറുക്കുന്നതിനുള്ള കേരളത്തിന്റെ ദീര്‍ഘകാല പദ്ധതികളുടെ കേന്ദ്രമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയെ മാറ്റുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആരോഗ്യ അത്യാഹിതങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കേരളം വൈദഗ്ധ്യം തെളിയിച്ചുകഴിഞ്ഞു. നിപ, കൊവിഡ് 19 തുടങ്ങിയ പ്രതിസന്ധികള്‍ കേരളം വിജയകരമായി കൈകാര്യം ചെയ്തത് പൊതുജനാരോഗ്യരംഗത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡം പുലര്‍ത്തിക്കൊണ്ടാണ്. മനുഷ്യരേയും മൃഗങ്ങളേയും പാരിസ്ഥിതിക ആരോഗ്യത്തേയും സമന്വയിപ്പിക്കുന്ന ‘വണ്‍ ഹെല്‍ത്ത്’ എന്ന ആശയത്തിനുകീഴില്‍ ലൈഫ് സയന്‍സസിന്റെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിനു സാധിക്കുമെന്ന് വീണ ജോര്‍ജ് പറഞ്ഞു.
കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) അനുബന്ധ സ്ഥാപനമായ കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് (കെഎല്‍ഐപി) ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ ലൈഫ് സയന്‍സ് മേഖലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും വ്യവസായ പ്രമുഖരും പങ്കെടുക്കുന്നുണ്ട്.