ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. 5 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ സഹായമായി നല്‍കുന്നത്. ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയിലൂടെ ഇന്ന് ഉച്ചയ്ക്ക് സ്ഥിരീകരിച്ചിരുന്നു. നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.
ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ച ഉയര്‍ത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിന്‍ പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണതായ മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.