Kerala

സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല; പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഭരണഘടനയില്‍ മാത്രമാണ് എഴുതിവെച്ചിരിക്കുന്നതെന്ന് അന്‍വര്‍

സിപിഎമ്മിനെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതു താന്‍ അല്ലെന്നും പോലീസ് ആണെന്നും സ്വര്‍ണക്കടത്തിനെപ്പറ്റിയുള്ള പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞതെന്ന് അന്‍വറിന്റെ വിശദീകരണം. അന്‍വറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നെന്ന് വ്യക്തമാക്കിക്കൊണ്ടു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ പത്രസമ്മേളനത്തോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. പി.ശശിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ കത്ത് നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട്. പക്ഷേ അത് നടക്കാറില്ല. ഇഎംഎസിന്റെയും എകെജിയുടെയും നായനാരുടെയും കാലത്ത് അത് പ്രാവര്‍ത്തികമായിരുന്നു. വടകരയില്‍ കെ.കെ.ശൈലജയ്ക്ക് വോട്ട് കിട്ടാതിരുന്നത് പാര്‍ട്ടി സഖാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ടാണ്. പുതിയ പാര്‍ട്ടി ആലോചിക്കുമോ എന്ന ചോദ്യത്തിന് പിന്തുണ നല്‍കാന്‍ ജനം തയാറാണെങ്കില്‍ അതും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. ഏഴാം കൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ല. ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കും. ജീപ്പില്‍ മൈക്കും കെട്ടിയിറങ്ങി ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എനിക്കെതിരായ നേതൃത്വത്തിന്റെ നിലപാട് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്. എനിക്കെതിരെ മൂര്‍ദാബാദ് വിളിച്ചവര്‍ സത്യം മനസ്സിലാക്കി സിന്താബാദ് വിളിച്ചുവെന്നും അന്‍വര്‍ വിശദീകരിച്ചു.