Kerala

അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; പുലര്‍ച്ചയോടെ കോഴിക്കോട് എത്തും

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം നാട്ടിലേക്ക് പുറപ്പെട്ടു. ആംബുലന്‍സിനെ കര്‍ണാടക പൊലീസ് അനുഗമിക്കും. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ലും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് വരും.

നാട്ടിലേക്കും കൊണ്ടുപോകുന്ന വഴിമദ്ധ്യേ ദുരന്ത സ്ഥലത്ത് ഒരു നിമിഷം നിന്ന് അര്‍ജുന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുമെന്ന് സതീഷ് സെയ്ല്‍ പറഞ്ഞു. നാളെ രാവിലെ ആറ് മണിയോടെ അര്‍ജുന്റെ മൃതദേഹം കോഴിക്കോട് എത്തിക്കും. രാവിലെ ആംബുലന്‍സ് പൂളാടിക്കുന്നില്‍വെച്ച് ലോറി ഡ്രൈവര്‍മാരുടെ കൂട്ടായ്മ സ്വീകരിക്കും. 8.10 ന് മൃതദേഹം വീട്ടില്‍ എത്തിക്കും. വീട്ടുവളപ്പില്‍ തന്നെ മൃതദേഹം സംസ്‌കരിക്കും.

ഗംഗാവലി പുഴയില്‍ നിന്നും ബുധനാഴ്ച ഉയര്‍ത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിന്‍ പൊളിച്ചു മാറ്റി. കാബിനില്‍ നിന്നും അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണതായ മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഡ്രഡ്ജര്‍ ഉപയോഗിച്ചാണ് തെരച്ചില്‍. കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.