വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരികെയെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ കോളേജ് ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച സര്‍വകലാശാല മാനേജിങ് കൗണ്‍സില്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഇരുവരേയും തിരിച്ചെടുക്കാനുള്ള മാനേജിങ് കൗണ്‍സിലിന്റെ ഈ നടപടിക്കെതിരെ സിദ്ധാര്‍ഥന്റെ കുടുംബവും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിനും ഗവര്‍ണറെ സമീപിച്ചിരുന്നു. വെറ്ററിനറി സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം അക്കാദമിക് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുക, ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതല്ല, സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണം, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാതാപിതാക്കളും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റിയും നിവേദനം സമർപ്പിച്ചിരുന്നത്.
കോളേജ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാന്‍ വിസമ്മതിച്ച വി.സി. ഡോ. കെ.എസ്. അനില്‍ ഇത് സംബന്ധിച്ച് മേല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നത്.
STORY HIGHLIGHT: pookode veterinary university dean assistant warden suspension extended