അതിമനോഹരമായ കടൽത്തീരത്തിരുന്ന് കാൻഡിൽ ലൈറ്റ് ഡിന്നർ കഴിക്കുന്നത് എത്ര സുന്ദരമായ അനുഭവം ആയിരിക്കും അല്ലേ. ഒരു ഗുഹയ്ക്കുള്ളിലെ റസ്റ്ററന്റിലാണെങ്കിലോ?. ഇറ്റലിയിലെ ഒരു കടൽത്തീരത്തുള്ള ഗുഹയ്ക്കുള്ളിൽ നിർമിച്ച ഈ റസ്റ്ററന്റ് സഞ്ചാരികളുടെയും വിഐപികളുടെയും ഇഷ്ട സ്ഥലമാണ്. തെക്കൻ ഇറ്റലിയിലെ പോളിഗ്നാനോ എ മാരെ പട്ടണത്തിലെ ഒരു ചുണ്ണാമ്പുകല്ല് ഗുഹയിലാണ് ഗ്രോട്ട പാലസ്സീസ് എന്ന ഈ ഭക്ഷണശാല. പാലസ് ഗ്രോട്ടോ എന്നുകൂടി പേരുള്ള ഈ അതുല്യമായ റസ്റ്ററന്റിന് പറയാൻ വലിയൊരു ചരിത്രമുണ്ട്. പോളിഗ്നാനോ എ മാരെയിലെയുള്ള പ്രകൃതിദത്ത ഗുഹയിൽ പണിത ഹോട്ടൽ 1700 മുതൽ വിരുന്നുകൾക്കും പാർട്ടികൾക്കുമായി ഉപയോഗിച്ചു വരുന്നു.
അതിന്റെ പ്രത്യേക അന്തരീക്ഷവും മനോഹരമായ കാഴ്ചകളും ആരെയും വിസ്മയിപ്പിക്കും. 300 വർഷത്തിലേറെയായി വിരുന്നുകൾക്കും മറ്റ് പരിപാടികളുമായി പേരുകേട്ട ഹോട്ടലാണിത്. മലഞ്ചെരിവിലെ ചുണ്ണാമ്പുകല്ലിൽ കൊത്തിയ ഈ റസ്റ്ററന്റ് സമുദ്രനിരപ്പിൽ നിന്ന് 74 അടി ഉയരത്തിലാണ്. നേരത്തേ പറഞ്ഞുവല്ലോ വിഐപികളുടെ ഇഷ്ട ഹോട്ടൽ ആണ് ഇതെന്ന്. അതുകൊണ്ടുതന്നെ ചില നിയമങ്ങളും ചിട്ടകളും ഈ ഹോട്ടലിനുണ്ട്. ഇവിടെ ഡിന്നർ കഴിക്കണമെങ്കിൽ ബുക്ക് ചെയ്യണം. കർശനമായ ഡ്രസ് കോഡുമുണ്ട്. എന്നാൽ ഇവിടെ എത്താൻ ആഗ്രഹിക്കുന്ന ആർക്കും അതൊരു തടസ്സം ആകാറില്ല.