തൃശൂര്‍: തൃശൂര്‍ എ.ടി.എം. കവര്‍ച്ചാ കേസില്‍ പിടിയിലായത് ‘ഗ്യാസ്’ കട്ടര്‍ ഗ്യാങ്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാക്കളെന്ന് പോലീസ്. പണം നിറച്ചുവെച്ചിരിക്കുന്ന പ്രമുഖ ബാങ്കിന്റെ എ.ടി.എം. ലക്ഷ്യം വെച്ചായിരുന്നു കവര്‍ച്ചാ സംഘം നീങ്ങിയിരുന്നത്. നേരത്തെ ഹരിയാണ, മേവാര്‍ തുടങ്ങിയിടങ്ങളില്‍ കവര്‍ച്ച നടത്തിയതും ഈ സംഘമാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ആദ്യം ഇവര്‍ എടിഎമ്മുകള്‍ കണ്ടുവെക്കും. ശേഷം ഗ്യാസ് കട്ടറുമായെത്തി മോഷണം നടത്തുകയായിരുന്നു പതിവ്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ വേര്‍പ്പെടുത്തി വാഹനത്തില്‍ കൊണ്ടു പോകും. പിന്നീട് എ.ടി.എമ്മില്‍നിന്ന് പണം വേര്‍തിരിച്ചെടുക്കും. അവിടെനിന്ന് സ്വന്തം വാഹനം കണ്ടെയിനറില്‍ ഓടിച്ചുകയറ്റി രക്ഷപ്പെടുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് സേലം ഡി.ഐ.ജി. ഇ.എസ്. ഉമ പറഞ്ഞു.
പ്രത്യേക ബാങ്കിന്റെ എ.ടി.എമ്മുകളെ മാത്രം ലക്ഷ്യംവെച്ചായിരുന്നു ഇവര്‍ മോഷണം പതിവാക്കിയിരുന്നത്. 2021-ല്‍ കണ്ണൂരിലെ എ.ടി.എം. കവര്‍ച്ചാ കേസിന് പിന്നിലും ഇവരായിരുന്നുവെന്നാണ് വിവരം. പ്രതികളില്‍ രണ്ട് പേര്‍ കവര്‍ച്ചയ്ക്കായി കേരളത്തിലെത്തിയത് വിമാന മാര്‍ഗ്ഗമായിരുന്നു. മൂന്ന് പേര്‍ കാറിലും മറ്റുള്ളവര്‍ ട്രക്കിലുമാണ് കേരളത്തിലെത്തിയത്. സബീര്‍ കാന്തും, സൗകിനുമാണ് വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിയത്. സംഘത്തിലൊരാളായ മുബാറകിന് ഒന്നിനെ കുറിച്ചും ഒരു അറിവുമില്ലെന്നും ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തി. എ.ടി.എം. കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ പിടിയിലായ മുഹമ്മദ് ഇക്രമാണെന്നും പൊലീസ് ചോദ്യം ചെയ്യലിലൂടെ കണ്ടെത്തി.