പി.വി.അൻവർ ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടില്ലെന്നും അകലെ നിന്ന് കാണുന്ന കാഴ്ചക്കാരൻ മാത്രമാണെന്നും അൻവർ പിച്ചും പേയും വിളിച്ചു പറയുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. അൻവറിനെ നല്ല വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ചിലരുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.വി.അൻവറിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രവർത്തകർക്ക് വേണ്ടി സംസാരിക്കാൻ അൻവറിനെ ചുമതലപ്പെടുത്തിയിട്ടില്ല. അൻവറിന് ഈ പാർട്ടിയെപ്പറ്റി എന്തറിയാം. ഏതെങ്കിലും ഒരു പാർട്ടി യോഗത്തിൽ അൻവർ പങ്കെടുത്തിട്ടുണ്ടോ. എന്നിട്ട് ഞങ്ങളെ ഉപദേശിക്കാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി റിയാസിന് വേണ്ടിയാണെന്നാണ് പറയുന്നത്, പിണറായി വിജയന്റെ മകളെ വിവാഹം ചെയ്തതുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്ന ആളല്ല റിയാസ്. പ്രവർത്തന അനുഭവമുള്ള യുവനേതാവാണ്. കോഴിക്കോട് കോർപ്പറേഷൻ വാർഡിലേക്കും പാർലമന്റിലേക്കും മത്സരിച്ചിട്ടുണ്ട്. ഇതെല്ലാം പിണറായിയുടെ മകളെ വിവാഹം കഴിച്ചതിന് ശേഷമാണോ. റിയാസ് എവിടെ കിടക്കുന്നു അൻവർ എവിടെ കിടക്കുന്നു. അച്ചാരം വാങ്ങി പുറപ്പെട്ടവരുടെ അനുഭവം എന്താണെന്ന് ഉറങ്ങാൻ കിടക്കുമ്പോളെങ്കിലും ഓർത്താൽ നല്ലത്. ചിലപ്പൊൾ വീണ്ടുവിചാരം ഉണ്ടാകും.
വർഗീയ, രാഷ്ട്രീയ ശക്തികളുടെ പിൻബലത്തിലാണ് അൻവർ ഉറഞ്ഞുതുള്ളുന്നത്. സിപിഎമ്മിന്റെ രോമത്തിന് പോലും പോറൽ ഏൽപ്പിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് സർക്കാരിനെ തകർക്കുക എന്നത് ലോകത്തെ സകല പിന്തിരിപ്പൻമാരുടേയും പ്രഖ്യാപിത ലക്ഷ്യമാണെന്നും മോഹനൻ പറഞ്ഞു.
STORY HIGHLIGHT: p mohanan