കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അർജുന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ജില്ലാ അതിർത്തിയായ അഴിയൂരിൽ മന്ത്രി എ. കെ ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. കെ.കെ രമ എംഎൽഎ, കോഴിക്കോട് കലക്ടർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങാൻ ജില്ലാ അതിർത്തിയായ അഴിയൂരിൽ എത്തിയിരുന്നു.
7.30ന് കണ്ണാടിക്കൽ ബസാറിൽനിന്ന് വിലാപയാത്ര ആരംഭിക്കും. എട്ട് മുതൽ അർജുന്റെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനമുണ്ടാകും. തുടർന്നാണ് സംസ്കാരം നടക്കുക. അർജുൻ നിർമിച്ച വീടിനോട് ചേർന്നാണ് സംസ്കാരം. ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്‍റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
ഗംഗാവലി പുഴയിൽനിന്നും ബുധനാഴ്ച ഉയർത്തിയ ലോറിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. പിന്നീട് ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി. കാബിനിൽനിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തിയിരുന്നു.
ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടക്ക് മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.