തിരുവനന്തപുരം: സുപ്രീംകോടതിയിൽ നടൻ സിദ്ദിഖിനെതിരെ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡൽഹിക്ക് അയയ്ക്കും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്നോടിയായി നിയമ സംഘത്തിന് കാര്യങ്ങൾ വിശദീകരിക്കുന്നതിനാണ് എസ്പിമാർ പോകുന്നത്. സർക്കാരിന് വേണ്ടി നിഷെ രാജൻ ശങ്കർ ആണ് സുപ്രീംകോടതിയിൽ ഹാജരാകുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന്റെ നിയമോപദേശവും സർക്കാർ തേടിയിട്ടുണ്ട്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കോടതി ജാമ്യാപേക്ഷ പരിഗണിച്ചേക്കും. വിധി പ്രതികൂലമായാൽ ഉടൻ തന്നെ കീഴടങ്ങുമെന്നാണ് അഭിഭാഷകർ മുഖേന നടൻ പൊലീസിനെ അറിയിച്ചിട്ടുള്ളതെന്നാണു വിവരം. സിദ്ദിഖിന്റെ ഫോൺ നമ്പർ നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്. കൊച്ചിയിൽ പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണ് സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. നഗരത്തിൽ തന്നെ ആറിടങ്ങളിൽ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന വിവരവും പൊലീസിനുണ്ട്.
സുപ്രീംകോടതി കേസ് പരിഗണിക്കുന്നതുവരെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യേണ്ട എന്ന ഉന്നതല നിർദേശത്തെ തുടർന്ന് പൊലീസ് കണ്ണടയ്ക്കുകയാണ് എന്ന വിമർശനവും ഉയരുന്നുണ്ട്. സിദ്ദിഖിനെ തിരഞ്ഞുള്ള ലുക് ഔട്ട് നോട്ടിസ് മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും പൊലീസ് നൽകിയിട്ടുണ്ട്. സിദ്ദിഖ് കേരളം വിട്ടുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. നടന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ച ശേഷം മാത്രം അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്കു പൊലീസ് കടക്കാനാണു സാധ്യത.