Travel

തൃശൂര്‍ വഴിയാണോ യാത്ര ചെയ്യുന്നത്? ഏങ്കില്‍ ഈ സ്ഥലങ്ങള്‍ കാണാതെ പോകരുത്

പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

അന്നും ഇന്നും സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് തൃശൂര്‍. നയനമനോഹരമായ ഒരുപാട് കാഴ്ചകളാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും വരാന്‍ തോനുന്ന ഇടമാണ് തൃശൂര്‍. തൃശൂര്‍ വഴിയാണ് നിങ്ങള്‍ എപ്പോഴെങ്കിലും യാത്ര ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അതിരപ്പിള്ളി വെള്ളച്ചാട്ടം, പുന്നത്തൂര്‍ കോട്ട, വാഴച്ചാല്‍ വെള്ളച്ചാട്ടം, മലക്കപ്പാറ വ്യൂ പോയിന്റ്, വിലങ്ങന്‍ കുന്ന് എന്നീ സ്ഥലങ്ങളെ നമുക്ക് പരിചയപ്പെടാം.

പുന്നത്തൂര്‍ കോട്ട

സഞ്ചാരികള്‍, പ്രത്യേകിച്ച് ആനപ്രേമികള്‍ ഒരിക്കലും മിസ്സ് ആക്കരുതാത്ത ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് തൃശൂര്‍ ജില്ലയിലെ പുന്നത്തൂര്‍കോട്ട. 60-ല്‍ അധികം ആനകളുള്ള പുന്നത്തൂര്‍ക്കോട്ട ഒരു പച്ചപ്പ് നിറഞ്ഞ ആന സങ്കേതമാണ്. പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 3 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആനക്കോട്ട, രാജ്യത്തെ ഏറ്റവും വലിയ ആന സങ്കേതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഒരു പ്രാദേശിക ഭരണാധികാരിയുടെ കൊട്ടാരമായിരുന്നു പുന്നത്തൂര്‍ കോട്ട. എന്നാല്‍ പിന്നീട് ഇത് ആനത്താവളമാക്കി മാറ്റുകയായിരുന്നു. 11.5 ഏക്കറില്‍ പരന്നുകിടക്കുന്ന ആനക്കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ ആന സങ്കേതങ്ങളില്‍ ഒന്നാണ്. പുന്നത്തൂര്‍ കോട്ടയുടെ കോമ്പൗണ്ടില്‍ ഒരു നാലുകെട്ടും കാണാം. പരമ്പരാഗത രീതിയില്‍ പണിഞ്ഞിരിക്കുന്ന ഈ കോട്ടയില്‍ വിശാലമായ ഒരു നടുമുറ്റവും ഉണ്ട്. ഭഗവാന്‍ ശിവനും ഭഗവതിക്കും സമര്‍പ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്.

അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. തൃശൂര്‍ നഗരത്തില്‍ നിന്നും 63 കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളി പശ്ചിമ ഘട്ട മലനിരകളില്‍ നിന്നും ഒഴുകിയെത്തുന്ന ചാലക്കുടി പുഴയുടെ ഭാഗമാണ്. ഷോളയാര്‍ വനമേഖലയുടെ കവാടമാണ് അതിരപ്പിള്ളി. ചാലക്കുടിയില്‍ നിന്ന് 33 കിലോമീറ്റര്‍ ആനമല റോഡിലൂടെ സഞ്ചരിച്ചാല്‍ അതിരപ്പിള്ളിയിലെത്താം. കേരളത്തിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇവിടം. വെള്ളച്ചാട്ടം 80 അടിയോളം താഴേക്ക് പതിക്കുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളുടെ ഒരു ഇഷ്ടലൊക്കേഷന്‍ കൂടിയാണ് ആതിരപ്പിള്ളി.

വാഴച്ചാല്‍ വെള്ളച്ചാട്ടം

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍ സ്ഥിതിചെയ്യുന്നത്. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. തൃശ്ശൂര്‍ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. ചാലക്കുടിയില്‍ നിന്നും 35 കി.മീ.യാത്ര ചെയ്താല്‍ ചാലക്കുടി – ആനമല റൂട്ടില്‍ ഇവിടെയെത്താം. വംശനാശം നേരിടുന്ന നാല് തരം വേഴാമ്പലുകള്‍ വാഴച്ചാല്‍ വനങ്ങളിലെ അന്തേവാസികളാണ്. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാല്‍.

വിലങ്ങന്‍ കുന്ന്

തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വരാന്‍ ആഗ്രഹിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണിവിടം. തൃശ്ശൂരിന്റെ ഓക്സിജന്‍ ജാര്‍ എന്നാണ് വിലങ്ങന്‍ കുന്ന് അറിയപ്പെടുന്നത്. കുട്ടികള്‍ക്കുള്ള രസകരമായ റൈഡുകള്‍ ഉള്‍പ്പെടെയുള്ള പുതിയ സൗകര്യങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പെഡല്‍ ബോട്ട് പൂളും വാഗണ്‍ വീലും ഉള്‍പ്പെടെ 13-ലധികം റൈഡുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇവിടുത്തെ ഏറ്റവും രസകരമായ വിനോദങ്ങളിലൊന്നാണ് 16 ഡി തിയേറ്റര്‍. 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളാണ് ഇതിനുള്ളത്. ഗുരുവായൂര്‍, കുന്നംകുളം, കോഴിക്കോട് നാഷനല്‍ ഹൈവേയുടെ സമീപത്തായാണ് വിലങ്ങന്‍ കുന്ന് സ്ഥിതിചെയ്യുന്നത്. ധാരാളം പ്രശസ്ത സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

മലക്കപ്പാറ വ്യൂ പോയിന്റ്

തൃശൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നയനമനോഹരമായ വനപ്രദേശമാണ് മലക്കപ്പാറ. കൊടുംവനങ്ങളും തേയിലത്തോട്ടങ്ങളും കുന്നുകളും ഉള്‍പ്പെടുന്ന ഈ സ്ഥലം അവധിക്കാലത്ത് തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വ് , ആനമല ടൈഗര്‍ റിസര്‍വ്, നെല്ലിയാമ്പതി മലനിരകള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട ഇടമാണിവിടം. അപൂര്‍വമായ നിരവധി സസ്യജാലങ്ങളെയും മൃഗങ്ങളെയും ഇവിടെ കാണാന്‍ സാധിക്കും. പൊള്ളാച്ചിയില്‍ നിന്ന് അട്ടക്കട്ടി, വാല്‍പ്പാറ, സോളയാര്‍ അണക്കെട്ട് വഴി 89 കിലോമീറ്റര്‍ അകലെയാണ് മലക്കപ്പാറ. കേരളത്തിലെ ഷോളയാര്‍ അണക്കെട്ട് മലക്കപ്പാറയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ്.

story highlights: Must visit places in Trissur