ജറുസലം: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടു തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണം. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. നസ്റല്ല സുരക്ഷിതനാണെന്നാണു റിപ്പോർട്ട്.
ഒരു മരണം അധികൃതർ സ്ഥിരീകരിച്ചു. 50 പേർക്കു പരുക്കേറ്റു. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. അതിർത്തിനഗരമായ ഷെബായിൽ ഇന്നലെ പുലർച്ചെ 3ന് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഇതിൽ 4 കുട്ടികളടക്കം ഒരു കുടുംബത്തിലെ 9 പേരും ഉൾപ്പെടുന്നു. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.