ദൈവത്തിന്റെ സ്വന്തം നാടെന്ന് ലോകം വിളിക്കുന്ന കൊച്ചു കേരളത്തെ കാണണോ ?. മലയാളികളുടെ കളങ്കമില്ലാത്ത സ്‌നേഹം കാണണോ?. എങ്കില്‍ കോഴിക്കോടുള്ള കണ്ണാടിക്കല്‍ വരൂ. അവിടെയൊരു സാധാരണക്കാരന്റെ അവസാന ദിവസത്തില്‍ ഒന്ന് വിങ്ങിപ്പൊട്ടിക്കരയാന്‍, അതിരില്ലാത്ത സ്‌നേഹം പങ്കുവെയ്ക്കാന്‍ എത്തുന്ന, ഗംഗാവാലിപോലെ നിറഞ്ഞൊഴുകുന്ന ജനസഹസ്രത്തെ കാണാം. സ്‌നേഹം കൊണ്ടു മാത്രം വിടപറയാനെത്തുന്ന അച്ചനമ്മമാരും, പെങ്ങള്‍മാരും, സഹോദരങ്ങളും, അപ്പൂപ്പന്‍മാരും അമ്മൂമ്മമാരെയും കാണാം. അര്‍ജുന്‍. അയാളൊരു ഹൃദയ വേദനയായി മാറിയത് എപ്പോഴാണെന്നറിയില്ല. അയാളോടു തോന്നിയത് എന്തുതരം സ്‌നേഹമാണെന്ന് വേര്‍തിരിച്ചു പറയാനാകില്ല. ആ ചെറുപ്പക്കാരനെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല.
പക്ഷെ, അര്‍ജുന്‍ എന്ന പേര് പറയുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങുന്ന ശബ്ദം….ആ ദുരന്തം ഓര്‍ക്കുമ്പോള്‍ വിങ്ങിപ്പോകുന്ന മനസ്സ്….അതൊക്കെയാണ് ഇന്ന് കേരളത്തിന് അര്‍ജുന്‍. അതിനെ സ്‌നേഹമെന്നു വിളിക്കാമെങ്കില്‍, ആ മരണത്തിന് സമാനതകളില്ലെങ്കില്‍, അവനെ കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങളും സഹനങ്ങളും മലയാളികളില്‍ ആകെ തീരാനൊമ്പരമായി പടന്നു കയറിയെങ്കില്‍, അതു തന്നെയാണ് കണ്ണാടിക്കാല്‍കാരനായ ലോറി ഡ്രൈവര്‍ അര്‍ജുനനോട് കേരളത്തിന് തോന്നിയത്. തങ്ങളുടെ ആരുമല്ലാത്ത, എന്നാല്‍ എല്ലാമായ ഒരാളെ കാണാനെത്തിയവരുടെ കണ്ണുകളെല്ലാം ഈറനണിയിക്കുന്നത്, കഴിഞ്ഞ 72 നാളുകളുടെ കാത്തിരിപ്പിന്റെ വേദനയാണ്. ആരെയാണോ ഇത്രനാള്‍ കാത്തിരുന്നത്, അയാള്‍ എത്തിയപ്പോഴാണ്. കരയാതെ പിടിച്ചു നില്‍ക്കുന്നവര്‍ക്കു പോലും നെഞ്ചിലൊരു ഭാരം കയറ്റിയതു പോലെ തോന്നുന്നുണ്ടാകാം.
മനസ്സിനെയും ശരീരത്തെയും ഒരുപോലെ മരവിപ്പിക്കുന്ന കാഴ്ചയിലേക്ക് ഒരു ചെറുപ്പക്കാരന്‍ ചുരുങ്ങിപ്പോയതിന്റെ ദൃശ്യം ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുമെന്നുറപ്പ്. കേരളത്തിന്റെ സ്‌നേഹം തിരിച്ചറിയാനാകുന്ന ‘കണ്ണാടി’ ആയി മാറിയിരിക്കുകയാണ് കണ്ണാടിക്കല്‍ ഇന്ന്. അര്‍ജുന്റെ ഭാര്യ, കുഞ്ഞുമകന്‍, അമ്മ, ഇവരെ സമാധാനിപ്പിക്കാനാകുമോ ആര്‍ക്കെങ്കിലും. എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കുക. ഗംഗാവാലിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താണ അര്‍ജുനെ കാണാന്‍ അതേ ഗംഗാവാലി കരകവിഞ്ഞൊഴുകുന്നതു പോലെയാണ് കണ്ണാടിക്കലില്‍ ജനസാഗരം ഒഴുകിയെത്തുന്നത്. ഓരോ കണ്ണുകളിലും അര്‍ജുനെ കാണാനാകുന്നുണ്ട്. ഓരോ വാക്കുകളിലും അവന്റെ ഓര്‍മ്മകളുടെ നൊമ്പരമുണ്ട്.
വെറുമൊരു സാധാരണക്കാരന്‍…ഒരു ലോറി ഡ്രൈവര്‍. അതിനപ്പുറം അര്‍ജുന്‍ കേരളീയരുടെ പ്രിയപ്പെട്ടവനാകാന്‍ പോന്നതൊന്നും ചെയ്തിട്ടില്ല. എന്നാല്‍, ഇന്ന്, അര്‍ജുനെ യാത്ര അയയ്ക്കാന്‍ എത്തുന്നവരില്‍ അര്‍ജുന്‍ എന്തൊക്കെയോ ആണ്. മനുഷ്യനെ സ്‌നേഹിക്കാന്‍ മറ്റെന്താണ് വേണ്ടത്. മതമോ, ജാതിയോ, വര്‍ഗമോ, വര്‍ണ്ണമോ. അതിനെല്ലാമുപരിയാണവന്‍. മലയാളികളുടെ ഇടനെഞ്ചിലേക്ക് ആ വെളുത്ത നിറമുള്ള ലോറി ഓടിച്ചു കയറ്റിയത് എന്നാണ്. ഷിരൂരില്‍ മലയിടിഞ്ഞു വീഴുമ്പോഴോ, അതോ, അവനെ തേടിയുള്ള അന്വേഷണം നടക്കുമ്പോഴോ, അതോ, അവനെ തേടിയുള്ള അന്വേഷണത്തിനായി കുടുംബവും ലോറി ഉടമസ്ഥന്‍ മനാഫ് അധികൃതരുടെ കാലു പിടിച്ചപ്പോഴോ ?. അതോ, കഴിഞ്ഞ 25ന് വൈകിട്ടോടെ ഗംഗാവാലിപുഴയിലെ വെള്ളത്തിനു മുകളിലേക്ക് ആ ലോറിയുടെ ക്യാബിന്‍ ഭാഗം പൊങ്ങിവന്നപ്പോള്‍ മുതലോ ?….
അറിയില്ല, പറയാന്‍ കഴിയുന്നില്ല…. കഴിഞ്ഞുപോയ ദിവസങ്ങളിലെപ്പോഴോ….മണിക്കൂറുകളിലെപ്പോഴോ അവനും അവന്റെ കുടുംബവും മനാഫും കണ്ണാടിക്കല്‍ ബസറും ഗംഗാവാലിപുഴയുമൊക്കെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞു പോയ 72 ദിവസം ജലത്തിലും 75-ാം ദിവസം വായുവിലും അഗ്നിയിലും മണ്ണിലും ആകാശത്തിലുമായി ചേരുകയാണ്. പഞ്ചഭൂതങ്ങളില്‍ അലിഞ്ഞ് ചേരുകയാണ് അര്‍ജുന്‍. ജൂലായ് 16നാണ് ഷിരൂരില്‍ മലയിടിഞ്ഞു വീണ് വന്‍ദുരന്തമുണ്ടാകുന്നത്. അന്നുതൊട്ട് ആരംഭിച്ച തെരഞ്ഞച്ചില്‍, ഇടയ്ക്കു നിര്‍ത്തിയും, പിന്നെ തുടങ്ങിയും, പ്രതികൂല കാലാവസ്ഥകള്‍ തടസ്സം സൃഷ്ടിച്ചും, തര്‍ക്കിച്ചും സഹിച്ചുമൊക്കെ 72 ദിവസം നീണ്ടുപോയി. ഒടുവില്‍ അര്‍ജുനെ ഗംഗാവാലി പുഴ തിരികെ തന്നു. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വേണ്ടി.
കാത്തിരിപ്പിനെല്ലാം വിരാമമിട്ടു. ഇതാ ഇന്നോടെ അര്‍ജുന്‍ ഓര്‍മ്മകളിലേക്ക് മറയുകയാണ്. ജനമനസ്സുകളില്‍ ഓര്‍മയുടെ ആഴങ്ങളിലേക്ക്. ഇന്നു രാവിലെ ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് കടന്നുവന്ന വഴികളില്‍ അര്‍ജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലും മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജനപ്രതിനിധികള്‍ വീട്ടിലെത്തി സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. വൈകിട്ട് തൊട്ടടുത്ത വയലില്‍ അനുശോചന യോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാംസ്‌ക്കാരിക സാമൂഹിക പ്രവര്‍ത്തകര്‍, ക്ഷേത്രപ്രതിനിധികള്‍, പള്ളിക്കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങി എല്ലാവരും അര്‍ജുന്റെ ഓര്‍മകളില്‍ ഒത്തുചേരും.
ഇന്നലെ വൈകിട്ട് 7.15ന് തന്നെ കാര്‍വാറിലെ ആശുപത്രിയില്‍ നിന്ന് മൃതദേഹവും വഹിച്ച് ആംബുലന്‍സ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടിരുന്നു. മൃതദേഹ ഭാഗങ്ങളുടെ ഡി.എന്‍.എ പരിശോധന ഇന്നലെ ഉച്ചയോടെയാണ് പൂര്‍ത്തിയായത്. സഹോദരന്‍ അഭിജിത്തിന്റെ ഡി.എന്‍.എ സാമ്പിളുമായി പ്രാഥമിക പരിശോധനയില്‍ തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡി.എന്‍.എ പരിശോധന, പ്രത്യേക ഇടപെടലില്‍ വേഗം പൂര്‍ത്തിയാക്കുകയായിരുന്നു.
കാര്‍വാര്‍ എം.എല്‍.എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എം.കെ.രാഘവന്‍ എം.പി, ഷാഫി പറമ്പില്‍ എം.പി, മന്ത്രി എ.കെ ശശീന്ദ്രന്‍, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ, അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, കെ.എം.സച്ചിന്‍ ദേവ് എംഎല്‍എ, ലിന്റോ ജോസഫ് എം.എല്‍.എ, മേയര്‍ ബീന ഫിലിപ്പ്, പി.കെ. ഫിറോസ്, കെ.എം.അഭിജിത്ത്, എ. പ്രദീപ് കുമാര്‍, പി. ഗവാസ് തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. വീട്ടിനുള്ളില്‍ കുടുംബം അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം മുറ്റത്ത് ഒരുക്കിയ പന്തലില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇപ്പോഴും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നീണ്ടക്യൂവാണ്. അര്‍ജുന് അന്വേഷണം ന്യൂസിന്റെ അന്താഞ്ജലി.
CONTENT HIGHLIGHTS;At the “mirror” of love: “Goodbye” Arjun