ലെബനനിൽ നടന്ന പേജർ സ്ഫോടനവുമായി ബന്ധപ്പെട്ട് മലയാളി റിൻസൺ ജോസിനെതിരെ സെർച്ച് വാറണ്ട്. നോർവേ പൊലീസാണ് സെർച്ച് വാറണ്ട് പുറത്തിറക്കിയത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗം അറിയിച്ചു. ഇയാളെ കാണാനില്ലെന്ന് നോർവയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം പൊലീസിനെ അറിയിച്ചതോടെയാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
മാനന്തവാടി സ്വദേശിയും നോർവീജിയൻ പൗരനുമായ റിൻസൺ ലെബനനിൽ പേജർ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോർവേയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടികാട്ടിയാണ് റിൻസൻ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസനെ കാണാതായി.
റിന്‍സണ്‍ ജോസിന്റെ പേരിലുള്ള നോര്‍ട്ട ഗ്ലോബല്‍ ഷെല്‍ കമ്പനിയാണ് പേജറുകള്‍ വിതരണം ചെയ്തിരുന്നതെന്നാണ് ആരോപണം. കമ്പനി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 200 കമ്പനികള്‍ക്ക് ഓഫീസ് ഉണ്ടായിരുന്നുവെന്നും സ്‌ഫോടനത്തിന് ശേഷം കമ്പനി വെബ്‌സൈറ്റും ഇല്ലാതായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡിഎസി എന്ന ഹംഗറി ആസ്ഥാനമായ കമ്പനി വഴിയാണ് റിന്‍സണ്‍ ഈ കമ്പനിക്ക് പേജറുകള്‍ വിതരണം ചെയ്തത്. കൂടാതെ റിൻസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 1.6 മില്ല്യന്‍ ഡോളര്‍ കൈമാറിയെന്നും ആരോപണമുണ്ട്. അതേസമയം കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വ്യക്തമാക്കി.