തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സത്തൂർ മേഖലയിലെ പടക്ക നിർമാണ ഫാക്ടറിയിലാണ് ഇന്ന് വൻ സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിൽ ഇപ്പോഴും തീ ആളിപ്പടരുകയാണെന്നാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ പറയുന്നത്.
ഫാക്ടറിയിൽ ഇപ്പോഴും സ്‌ഫോടനങ്ങൾ തുടരുകയാണെന്നാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഫാക്ടറിയ്ക്കുള്ളിൽ സ്ഫോടനങ്ങൾ തുടരുന്നതിനാൽ ആർക്കും അതിന് അടുത്തേയ്ക്ക് എത്താൻ കഴിയുന്നില്ല. തീപിടിത്തത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
നേരത്തെ, സെപ്റ്റംബർ 19ന് വിരുദുനഗർ ജില്ലയിൽ സമാനമായ രീതിയിൽ പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം നടന്നിരുന്നു. വെമ്പക്കോട്ടയ്ക്കടുത്തുള്ള പടക്ക നിർമാണ ഫാക്ടറിയിൽ വൻ സ്ഫോടനമാണ് നടന്നിരുന്നത്. സ്‌ഫോടനത്തിൽ ഒരാൾക്ക് 100 ശതമാനം പൊള്ളലേറ്റതായി ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.