അപമര്യാദയായി പെരുമാറിയെന്ന എംഎൽഎ സി.കെ ആശയുടെ പരാതിയിൽ വൈക്കം എസ്എച്ച്ഒയെ സ്ഥലം മാറ്റി. വൈക്കം എസ്എച്ച്ഒ എ.ജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് സ്ഥലംമാറ്റ ഉത്തരവിട്ടത്. സി.കെ എംഎൽഎയെ വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ തോമസ് പരസ്യമായി അധിക്ഷേപിച്ചെന്നും രണ്ടരമണിക്കൂർ സ്റ്റേഷനിൽ കാത്തുനിർത്തിച്ചെന്നുമാണ് പരാതി.
സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ അവകാശ ലംഘനത്തിനു എംഎൽഎ നിയമസഭാ സ്പീക്കർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിപിഐ സമരം നടത്തിയതിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സിപിഐ നേതാക്കളെ പൊലീസ് മർദ്ദിച്ചതായും ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചെന്നും അറിഞ്ഞ എംഎൽഎ സ്റ്റേഷനിലെത്തിയിരുന്നു.
തുടർന്ന് എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ലെന്നും ‘അവൾ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോൾ സൗകര്യമില്ലെന്ന് സംഘർഷസ്ഥലത്തുനിന്ന് ഉറക്കെ വിളിച്ചു പറഞ്ഞത് താൻ അറിഞ്ഞെന്നും എംഎൽഎ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സിപിഐ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു.