വേറിട്ട കാഴ്ചകളിലൂടെ ആനന്ദം സമ്മാനിക്കാന്‍ അനന്തപുരിയുടെ സ്വന്തം കാര്‍ണിവല്‍ പോത്തന്‍കോട് ശാന്തിഗിരിയില്‍ ഒക്ടോബര്‍ രണ്ടിന് തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ് ഇത്തവണ കാര്‍ണിവല്‍ ഒരുക്കുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പുതുമകള്‍ നിറഞ്ഞ അമ്യൂസ്‌മെന്റ് പാര്‍ക്ക് വിനോദങ്ങള്‍ക്കുള്ള വേദിയാകും. പ്രദര്‍ശന – വ്യാപാരമേളകള്‍ക്ക് പുറമെ ഗെയിം ഷോകള്‍, കുട്ടികള്‍ക്കുളള വിനോദപരിപാടികള്‍, കാര്‍ഷിക വിപണന മേളകള്‍, നക്ഷത്രവനം, കേരളത്തിലെ ഗോത്രവര്‍ഗ്ഗ സംസ്‌കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവര്‍ഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങള്‍ ഉള്‍ക്കൊളളുന്ന ഹെല്‍ത്ത് കോര്‍ണര്‍, വെല്‍നസ്സ് സെന്റര്‍ എന്നിവയും ഫെസ്റ്റിലുണ്ടാകും.
വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണരുചികള്‍ ഉള്‍പ്പെടുത്തിയുളള ഫുഡ് കോര്‍ട്ട് മറ്റൊരാകര്‍ഷണമാകും. കേരളത്തിന്റെ തനതു വിഭവങ്ങളും കൊതിയൂറുന്ന നോര്‍ത്ത് ഇന്ത്യന്‍ രുചിക്കൂട്ടുകളും ഫുഡ്‌കോര്‍ട്ടിലുണ്ടാകും. 13,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന ഫ്‌ലവര്‍ ഷോ, വ്യത്യസ്തതകള്‍ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനില്‍ക്കുന്ന ഗോസ്റ്റ് ഹൗസ്, ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമല്‍ ഷോ, വിസ്മയം
ത്രീഡി ഷോ എന്നിവയ്‌ക്കൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും. പ്രകാശവിന്യാസം കൊണ്ടുളള വര്‍ണ്ണകാഴ്ചകളും പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഹാപ്പിനസ് പാര്‍ക്കും താഴ്വാരത്തെ ജലാശയത്തിലെ മ്യൂസിക്കല്‍ വാട്ടര്‍ ഫൗണ്ടെയ്‌നുനും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകര്‍ഷണമാകും. ഫെസ്റ്റിനോട് അനുബന്ധിച്ച് കല, കായിക അക്കാദമിക് അഭിരുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളാക്കായി എക്‌സ്‌പോയും ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധങ്ങളായ തൊഴില്‍, ഉപരിപഠന മേഖലകള്‍ പരിചയപ്പെടുത്തുക, അവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സഹായകരമാവും വിധമാണ് എക്‌സ്‌പോ ഒരുക്കുന്നത്. ജില്ലയിലെ മുന്നൂറോളം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഫുട്‌ബോള്‍, നെറ്റ് ബോള്‍, മ്യൂസിക് ബാന്‍ഡ്, ചിത്രരചന, ക്വിസ്, ഫോട്ടോഗ്രാഫി, ട്രഷര്‍ ഹണ്ട്, ഗ്രൂപ്പ് ഡാന്‍സ് എന്നിങ്ങനെ വിവിധയിനങ്ങളില്‍ ഇന്റര്‍ സ്‌കൂള്‍ മത്സരങ്ങള്‍ നടക്കും.
അയ്യായിരത്തിലധികം പേരെ ഉള്‍ക്കൊളളുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. എണ്‍പതടി നീളത്തിലും അറുപതടി വീതിയിലും ഒന്‍പതടി ഉയരത്തിലുമാണ് വേദി. അയ്യായിരം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുളള വേദിയുടെ പിന്നില്‍ എല്‍ ഇ.ഡി ഭിത്തികള്‍ ദൃശ്യവിസ്മയം തീര്‍ക്കും. പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മെഗാഷോയും വിശ്വസംസ്‌ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത കലാകാരന്‍മാരെ ഉള്‍പ്പെടുത്തി നടത്തുന്ന കലാജ്ഞലിയും ഈ വേദിയിലാകും നടക്കുക.താമരപര്‍ണ്ണശാല സമര്‍പ്പണത്തോടനുബന്ധിച്ച് 2010ല്‍ നടന്ന ഫെസ്റ്റില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത് ലക്ഷത്തിലധികം പേരാണ് സന്ദര്‍ശകരായി എത്തിയത്. അതുകൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പും ഏറെ മുന്നൊരുക്കങ്ങളോടെയാണ് അവതരിപ്പിക്കുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അറിയിച്ചു. അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.
CONTENT HIGHTLIGHTS; Head to Shantigiri for a colorful spectacle: Shantigiri Fest on 2nd October