Kuwait

വാട്സ്ആപ്പിലൂടെ ഓഫർ നൽകി തട്ടിപ്പ്: കുവൈത്തിലെ പ്രവാസിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത് 98 ദിനാർ

അഞ്ച് ദിനാറിന്റെ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്

ഒരു ഉൽപ്പന്നത്തിന് ഓഫറുള്ളതായി വാട്സ്ആപ്പിൽ കണ്ട് അത് വാങ്ങാൻ ശ്രമിച്ച കുവൈത്തിലെ പ്രവാസിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാർ. അഞ്ച് ദിനാറിന്റെ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. നാല് തവണ അനധികൃതമായി അക്കൗണ്ടിൽനിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ 47കാരനാണ് ജഹ്റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബാങ്ക് ഇടപാടിൽ വ്യാജരേഖ ചമയ്ക്കൽ (കേസ് നമ്പർ 90/2024) പ്രകാരം പണവുമായി ബന്ധപ്പെട്ട കുറ്റകൃത്യമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒരു ഉൽപ്പന്നത്തിന് ഓഫറുള്ളതായി വാട്സ്ആപ്പിൽ കണ്ടപ്പോൾ അത് വാങ്ങാൻ വിൽപ്പനക്കാരനുമായി ബന്ധപ്പെടുകയും തുടർന്ന് അയാൾ അഞ്ച് ദിനാറിന്റെ പെയ്മെന്റ് ലിങ്ക് അയക്കുകയും ചെയ്തതായി പ്രവാസി പറഞ്ഞു. എന്നാൽ ലിങ്കിലൂടെ പണമടച്ചതിന് ശേഷം അക്കൗണ്ടിൽ നിന്ന് നാല് തവണ പണം പിൻവലിക്കപ്പെടുകയായിരുന്നുവെന്നും വ്യക്തമാക്കി. 24.800 ദിനാർ വീതമായി മൂന്നു തവണയും 24.900 ദിനാർ നാലാം തവണയും പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച് പെയ്മെന്റ് ലിങ്ക് പ്രോസസ്സ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ അനധികൃത ഇടപാടുകൾ നടന്നത്.