സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും ഒരു അന്താരാഷ്ട്ര സഖ്യം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. അറബ്-ഇസ്ലാമിക് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെട്ട സഖ്യത്തിെൻറ ആദ്യ യോഗം റിയാദിൽ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റിയിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിെൻറ ഭാഗമായി പലസ്തീൻ പ്രശ്നത്തെയും സമാധാന ശ്രമങ്ങളെയും കുറിച്ച് നടന്ന മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനാണ് പുതിയ കൂട്ടായ്മയുടെ പ്രഖ്യാപനം നിർവഹിച്ചത്.
‘ഗസ്സയിലെ സാഹചര്യവും നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള പാതയെന്ന നിലയിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുക’ എന്ന തലക്കെട്ടിലാണ് ന്യൂയോർക്കിൽ മന്ത്രിതല യോഗം ചേർന്നത്. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള സഖ്യം യൂറോപ്യൻ, അറബ് സംയുക്ത ശ്രമത്തിെൻറ ഫലമാണ്. അറബ്, ഇസ്ലാമിക രാജ്യങ്ങളുടെയും യൂറോപ്യൻ പങ്കാളികളുടെയും പേരിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനായി അന്താരാഷ്ട്ര സഖ്യം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി യോഗത്തിൽ പറഞ്ഞു.
സമാധാനം കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനായി സൗദിയിലെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആഗ്രഹിക്കുന്ന സമാധാനം കൈവരിക്കുന്നതിന് പൊതുവായ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ഒരു പ്രായോഗിക പദ്ധതി ഞങ്ങൾ വികസിപ്പിക്കും. നീതിയും സമഗ്രവുമായ സമാധാനത്തിലേക്കുള്ള വിശ്വസനീയവും മാറ്റാനാകാത്തതുമായ പാത കൈവരിക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനും പ്രേരിപ്പിക്കുന്ന വ്യക്തമായ സ്വാധീനമുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ കൂട്ടായി നീങ്ങേണ്ടതിെൻറ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. ഇതിെൻറ മുൻനിരയിൽ ഉണ്ടാവേണ്ടത് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന കാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.