സങ്കീർണ്ണവും അതികാര്യക്ഷമവുമായ പ്രക്രിയയിലൂടെ അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കുന്ന പ്രതിഭാസമാണ് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ സൃഷ്ടിയും വളർച്ചയും വികാസവും. ഈ അനുസ്യൂതമായ പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സം നേരിട്ടാൽ അത് പല അസുഖങ്ങൾക്കും കാരണമാകും. അങ്ങനെ ശരീരത്തിലെ ഏത് അവയവത്തെയും ബാധിക്കാവുന്ന അസുമുഖമാണ് ക്യാൻസർ.
ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്നതിൽ മൂന്നാമത്തെ സ്ഥാനമാണ് ഓറൽ ക്യാൻസറിനുള്ളത്. വായയുടെ ഉള്ളിൽ സംഭവിക്കുന്ന ക്യാൻസറിനെ ചിലപ്പോൾ ഓറൽ ക്യാൻസർ അല്ലെങ്കിൽ ഓറൽ അറയിൽ അർബുദം എന്ന് വിളിക്കുന്നു. അമിതമായ പുകവലി, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയാണ് ഓറൽ ക്യാൻസറിന്‍റെ പ്രധാന കാരണങ്ങൾ. പോഷകാഹാര കുറവ്, ജനിതകപരമായ കാരണങ്ങൾ, പ്രതിരോധശേഷി ഇല്ലായ്‌മ തുടങ്ങിയവയും വായിലെ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളാണ്.
40 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് കൂടുതലായും ഓറൽ ക്യാൻസർ കണ്ടുവരുന്നതെങ്കിൽ ഇന്ന് യുവാക്കൾക്കിടയിലും ഇത് സാധാരണമാവുകയാണ്. ചുണ്ടുകൾ, കവിൾ, സൈനസുകൾ, നാവ്, അണ്ണാക്ക്, വായുടെ അടിഭാഗം എന്നിവിടങ്ങളിലാണ് വായിലെ അർബുദം കണ്ടുവരുന്നത്. പൊതുവെ രോഗനിർണയം നടത്താൻ വൈകുന്നതിനാൽ തന്നെ ഓറൽ ക്യാൻസർ പലപ്പോഴും ഗുരുതരമാകാറുണ്ട്. എന്നാൽ രോഗം നേരത്തെ തിരിച്ചറിഞ്ഞാൽ ഈ ക്യാൻസറിനെ പൂർണമായും കീഴടക്കാൻ സാധിക്കും.
പ്രധാന ലക്ഷണങ്ങൾ
വായ, ചുണ്ട്, തൊണ്ട എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഉണങ്ങാത്ത മുറിവുകളാണ് ഓറൽ ക്യാൻസറിന്‍റെ പ്രധാന ലക്ഷണം. വായിൽ രക്തം കാണപ്പെടുക, ഭക്ഷണം വിഴുങ്ങാനും ചവയ്ക്കാനുമുള്ള ബുദ്ധിമുട്ട് വായ്ക്കുള്ളിലും ചുണ്ടിലും അസാധാരണമായ ചുവപ്പ് നിറം, വെപ്പ് പല്ലുകൾ വയ്ക്കുമ്പോൾ അസാധാരണമായ ബുദ്ധിമുട്ട് നേരിടുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ പല്ലുകൾ കൊഴിയുക, ശബ്‌ദം മാറുക, സംസാരിക്കാൻ ബുദ്ധിമുട്ട് നേരിടുക, നാവ്, താടിയെല്ല് എന്നിവ ചലിപ്പിക്കുമ്പോൾ വേദന അനുഭവപ്പെടുക, വായിലെ മരവിപ്പ്, കഴുത്തിലുണ്ടാകുന്ന തടിപ്പ്, എപ്പോഴുമുള്ള ചെവി വേദന, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയുക എന്നിവയും ഇതിന്റെ ലക്ഷണമായി കാണുന്നു.
ദിവസവും ബ്രഷ് ചെയ്യുമ്പോൾ സ്വയം പരിശോധന നടത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഓറൽ ക്യാൻസർ നേരത്തെ കണ്ടെത്താൻ സാധിക്കും. വായ്ക്കുള്ളിൽ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണങ്ങാത്ത മുറിവുകളോ ഉണ്ടെന്ന് കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. ക്യാൻസർ പിടിപെട്ടാൽ നേരത്തെ ചികിത്സ ലഭ്യമാക്കുക എന്നതാണ് പ്രധാനം ഇത് ക്യാൻസർ വ്യാപനത്തെ തടയാൻ സഹായിക്കും.
STORY HIGHLIGHT: oral cancer