തുർക്കിയുടെ കിഴക്കൻ മേഖലയിലെ കപ്പഡോക്കിയ എന്ന അതി പുരാതന ഗ്രാമം കാഴ്ചകളുടെ ഒരു വിസ്മയ കൂടാരം തന്നെയാണ്. തുർക്കിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയുടെയും പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പ്രാചീന സംസ്കാരശേഷിപ്പുകളുടെ വിളനിലമായ കപ്പഡോക്കിയ. നൂറ്റാണ്ടുകൾക്കു മുമ്പ് അഗിനിപർവതങ്ങൾ പൊട്ടിയൊഴുകി, ചുണ്ണാമ്പ് പാറകളിൽ രൂപം കൊണ്ട പ്രദേശമാണ് കപ്പഡോക്കിയ. ഉരുകിയ മെഴുകു രൂപം പോലെ ഘനീഭവിച്ച ലാവാ ശിലകളാണ് ഇവിടുത്തെ സവിശേഷ കാഴ്ച. രസകരമാണ് തുർക്കിയിലെ ബസ് കേന്ദ്രത്തിലെ കാഴ്ചകളും രീതികളും.
ഒരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള നടപടി ക്രമങ്ങളാണ് ഇവിടെ ഉള്ളത്. . സ്കാനിംഗ് വഴി പെട്ടിസാമഗ്രികളും ദേഹ പരിശോധനയും കഴിഞ്ഞാണ് യാത്രക്കാർ ബസ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നത്. ഓരോ പട്ടണത്തിലേക്കും പോവുന്ന ബസുകളുടെ കൗണ്ടറുകളുണ്ട്. അവിടെ ചെന്ന് ടിക്കറ്റ് വാങ്ങണം.വൃത്തിയും അച്ചടക്കവുമുള്ള ഒരു ബസ് സ്റ്റേഷൻ. ഭക്ഷണ ശാലകളും പുസ്തക, കളിപ്പാട്ട കടകളും ബേക്കറി പാനീയ വില്പന ശാലകളും വളരെ ഭംഗിയായി യാത്രക്കാർക്കായി ഒരുക്കി വെച്ചിരിക്കുന്നു. തിരക്കോ ബഹളമോ ഇല്ല. തിന്നും കുടിച്ചും നേരംപോക്ക് പറഞ്ഞും യാത്രികർ തങ്ങളുടെ യാത്രകൾ ഉത്സവസമാനമാക്കുന്നു. തുർക്കികളുടെ പുകവലിയോടുള്ള ആസക്തി എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. ആൺ പെൺ , വലിപ്പച്ചെറുപ്പമില്ലാതെ ഒട്ടുമിക്ക ആളുകളും പുകവലിക്കുന്നവരാണ്.
അങ്കാറയിൽ നിന്ന് കപ്പദോക്യയിലേക്കു നാലുമണിക്കൂറാണ് ദൂരം. മലകളും പർവ്വതങ്ങളും താണ്ടിയുള്ള യാത്രയാണ്. ദുര്ഘടമാണ് തുർക്കിയുടെ ഭൂപ്രകൃതി. ഉടൽ ഏഷ്യയിലും തല യൂറോപ്പിലുമായി കിടക്കുന്ന തുർക്കി ഭൂമിശാസ്ത്രപരമായി ഒരു പാട് സവിശേഷതകൾ നിറഞ്ഞ രാജ്യമാണ്. മെഡിറ്ററേനിയൻ കടലിനും കരിങ്കടലിനും ഇടക്ക് വൈവിധ്യമാർന്ന ഭൂപ്രകൃതിയാൽ സമ്പന്നമാണ് തുർക്കി. കടൽത്തീരങ്ങളും തടാകങ്ങളും കൂറ്റൻ പാറക്കെട്ടുകളും ചെങ്കുത്തായ പർവ്വതങ്ങളും വെള്ളച്ചാട്ടങ്ങളും പുൽമേടുകളും എല്ലാം ഒത്തു ചേർന്ന അതിവിശിഷ്ട സൗന്ദര്യമുള്ള നാടാണ് തുർക്കി.പർവ്വതങ്ങളും മലനിരകളും ഉൾപ്പെടുന്ന കാഠിന്യമുള്ള ഭൂപ്രകൃതി മൂലം, നേർ രേഖയിൽ ദൂരക്കുറവുള്ള സ്ഥലങ്ങളിലേക്കു പോലും വളഞ്ഞു തിരിഞ്ഞു സഞ്ചരിക്കേണ്ടി വരുന്നു. . യൂറോപ്യൻ വനങ്ങളിൽ സ്ഥിരമായി കാണുന്ന ഗുണമേന്മ കുറഞ്ഞ സ്ഥൂലകൃതിയിലുള്ള മരങ്ങൾ നിറഞ്ഞ പ്രദേശം. വനത്തിൽ വറ്റിവരണ്ട നദിയുടെ കൈവഴികൾ കാണാം. ഒറ്റപ്പെട്ട ആളനക്കമില്ലാത്ത വീടുകൾ കാണാം. കുറെ കഴിഞ്ഞു, കാടിന്റെ വിജനത പിന്നിട്ടതോടെ ചെറു ഗ്രാമങ്ങളും കവലകളും കാണാൻ സാധിക്കും.തുർക്കിയിലെ വേനൽക്കാല ചൂട് നാൽപതു ഡിഗ്രിക്ക് മുകളിലാണ്. ചൂടുകാറ്റിന്റെ തള്ളിച്ച ബസിലെ ശീതീകരണ അന്തരീക്ഷത്തെ ഭേദിക്കാൻ ശ്രമിക്കുന്നത് കാണാം. . തുർക്കിയുടെ കാർഷിക സമൃദ്ധി പ്രദർശിപ്പിക്കുന്ന കാഴ്ചകളാണ് പാതയുടെ ഇരുവശത്തും. മൂപ്പെത്തിയ ചോള ചെടികൾ, ഇടക്കിടെ തണ്ണീർ മത്തൻ പാടങ്ങൾ,കായ്ച്ചു നിൽക്കുന്ന മുന്തിരി തോട്ടങ്ങൾ,കണ്ണെത്താ ദൂരം പച്ചക്കടൽ പോലെ കൃഷിപ്പാടം പരന്നു കിടക്കുകയാണ്. കൃഷിപ്പാടങ്ങൾക്കു അപ്പുറം, ദൂരെ ചുണ്ണാമ്പ് പാറയുടെ വെള്ള നിറം വീണ പർവതങ്ങൾ. പർവതങ്ങളുടെ താഴെ പച്ചപ്പിന്റെ കറുപ്പാർന്ന ഇരുണ്ട മലനിരകൾ, ഇതൊക്കെ തുർക്കിയുടെ ഉൾനാടൻ ഗ്രാമങ്ങളുടെ സൗന്ദര്യമാണ്
story highlight;turkey place