ബെയ്റൂത്ത്: ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്‍ബുല്ല നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി സംഘടന സ്ഥിരീകരിച്ചു. നേരത്തെ ആക്രമണം നടത്തി ഹസൻ നസ്റല്ലയെ വധിച്ച വിവരം ഇസ്രയേൽ സൈന്യം പുറത്തുവിട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം ഹിസ്‍ബുല്ലയും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്നും ഹിസ്‍ബുല്ല അറിയിച്ചിട്ടുണ്ട്.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്. ബൈറൂത്തിലെ ആക്രമണത്തിൽ ആറ് ബഹുനിലക്കെട്ടിടങ്ങളാണ് തകർന്നത്. സംഭവത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് യു.എൻ അറിയിച്ചു.
യു.എസും ഫ്രാൻസുമുൾപ്പെടെയുള്ള രാജ്യങ്ങൾ മുന്നോട്ടുവെച്ച 21 ദിനവെടിനിർത്തൽ നിർദേശത്തെ പാടെ നിരാകരിക്കുന്നതാണ് ഇസ്രായേൽ നടപടി. ഹിസ്ബുല്ലക്കെതിരെ ഒരാഴ്ചയായി ലബനാനിൽ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കില്ലെന്ന് യു.എൻ പൊതുസഭയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം.
ലബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി മാറിയ ഹിസ്‍ബുല്ലയ്ക്കും, സംഘടനയ്ക്ക് എല്ലാ പിന്തുണയും നൽകുന്ന ഇറാനും കനത്ത തിരിച്ചടിയാണ് ഹസൻ നസ്റല്ലയുടെ കൊലപാതകം. സംഭവത്തെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി ശക്തമായി അപലപിച്ചിട്ടുണ്ട്. നസ്‍റുല്ലയുടെ കൊലപാതകത്തിൽ ഹമാസും അപലപിച്ചിട്ടുണ്ട്. സാധരണ ജനങ്ങലെ ലക്ഷ്യമിട്ട് ഭീകരാക്രമണമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു.
നേരത്തെ 2006ൽ നടന്ന ഇസ്രായേൽ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം നസ്റുല്ല വീണ്ടും പൊതുമധ്യത്തിൽ വരികയായിരുന്നു. 32 വർഷമായി ഹിസ്ബുല്ലയുടെ തലവനായി പ്രവർത്തിച്ചുവരുന്ന നേതാവാണ് നസ്റുല്ല.