കോട്ടയം: ലാവ്നിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകുമെന്ന് പി.സി. ജോർജ്. ഈ ഡിസംബറിനു മുമ്പ് പിണറായി വിജയൻ അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നും പി സി ജോർജ് പറഞ്ഞു.
ലാവ്നിൽ കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയാണ്. അഭിഭാഷകരെ കേരള സർക്കാർ മാറ്റിമാറ്റി വെക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സർക്കാർ കേസിനായി ചെലവഴിച്ചത്. വലിയ തെറ്റാണത്. നവംബർ അവസാനം വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവുണ്ട്.
പി.വി. അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്നും പി.സി. ജോർജ് ആരോപിച്ചു. സിപിഐഎം എംഎൽഎയുടെ പ്രസ്താവന കുടി വന്ന സാഹചര്യത്തിൽ പിണറായി വിജയന് അധികാരത്തിൽ തുടരുവാൻ അവകാശമില്ല. എംഎൽഎ ഉയർത്തിയിരിക്കുന്ന ആരോപണങ്ങൾ മുഴുവൻ ശരിയാണ്. വർഷങ്ങൾക്കു മുമ്പ് അതേകാര്യങ്ങൾ തന്നെയാണ് എംഎൽഎയും പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിക്കും സിപിഐഎം നേത്യത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്ന പ്രസ്താവനകൾ നടത്തിയ പി വി അൻവർ എംഎൽഎ എന്തുകൊണ്ട് നേരത്തെ ഈ കാര്യങ്ങൾ ജനങ്ങളോട് പറഞ്ഞില്ല എന്നത് ദുരൂഹത ഉണ്ടാക്കുന്നതാണെന്നും പി.സി. ജോർജ് ചൂണ്ടിക്കാട്ടി.