ഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയിലൂടെ പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരെ കേസെടുത്തു. ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. അഭിഭാഷകൻ ആദർശ് അയ്യരാണ് പരാതി നൽകിയത്.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കയെതിരേയും കേസ് രജിസ്റ്റർ ചെയ്തു. ജനാധികാർ സംഘർഷ പരിഷത്ത് എന്ന സംഘടന നൽകിയ പരാതിയിലാണ് നടപടി.
ഇ.ഡി റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തി കോർപറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് ആയിരണക്കണക്കിന് കോടിയുടെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് പരാതി. കർണാടക ബിജെപി നേതാകളായ നളീൻ കുമാർ കട്ടീൽ, ബി വൈ വിജയേന്ദ്ര എന്നിവരുടെ പേരിലും പരാതി നൽകിയിട്ടുണ്ട്.
കേസെടുക്കാനുള്ള കോടതി ഉത്തരവിനു പിന്നാലെ നിർമല സീതാരാമന്റെ രാജി ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിർമല സീതാരാമൻ കേന്ദ്രമന്ത്രിയാണ്. അവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നിർമല സീതാരാമൻ അടക്കമുള്ളവർ ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയിട്ടുണ്ടെന്ന ആരോപണം ഗുരുതരമാണെന്നും അവർ ഉടൻ രാജിവെക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം നിർമല സീതാരാമനെ സംരക്ഷിച്ച് ബിജെപി രംഗത്തുവന്നു. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഇലക്ടറൽ ബോണ്ടിന്റെ മറവിൽ ക്രിമിനൽ നടപടികളൊന്നും നടന്നിട്ടില്ലെന്നും ബിജെപി വിശദീകരിച്ചു.