ഹൈദരാബാദ്: തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക മല്ലുവിൻ്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 2.2 ലക്ഷം രൂപയും സ്വർണ ബിസ്‌കറ്റും വിദേശ കറൻസിയും കണ്ടെടുത്തു.
ബിഹാർ സ്വദേശികളായ റോഷൻ കുമാർ മണ്ഡൽ, ഉദയ് കുമാർ താക്കൂർ എന്നീ പ്രതികളെ പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ പ്ലാറ്റ്‌ഫോമിൽ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.
യാത്രക്കാരെന്ന് തോന്നിച്ച പ്രതികളുടെ ഭാഗത്തുനിന്ന് അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് റെയിൽവേ പോലീസ് പരിശോധിച്ചത്. തുടർന്ന് ഇവരിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുക്കുകയായിരുന്നു.
2.2 ലക്ഷം രൂപ, 100 ഗ്രാം തൂക്കമുള്ള സ്വർണ ബിസ്കറ്റ്, ബ്രിട്ടീഷ് പൗണ്ട്, ദിർഹം, സ്വിസ് ഫ്രാങ്ക് എന്നിവ അടക്കമുള്ള വിദേശ കറൻസികൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. വിക്രമാർക ഔദ്യോഗിക സന്ദർശനത്തിനായി വിദേശത്ത് പോയ സമയത്തായിരുന്നു വീട്ടിൽ മോഷണം നടന്നത്.
പ്രതികൾ വേറെ പലയിടങ്ങളിലും മോഷണം നടത്തിയിരുന്നതായി റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ദേബശ്രീ സന്യാലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയിൽ തീർത്ത ആഭരണങ്ങൾ, മുത്തുകൾ കൊണ്ടുള്ള ജുവലറികളടക്കം ഇവരുടെ പക്കൽ ഉണ്ടായിരുന്നുവെന്ന് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.