ചെന്നൈ: എം.കെ സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നിലവിൽ കായിക -യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് ഉദയനിധി സ്റ്റാലിൻ. ആസൂത്രണവകുപ്പ് കൂടി ഉദയനിധിക്ക് നൽകിയിട്ടുണ്ട്.
നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കള്ളപ്പണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിയാക്കി. ഇതോടെ ബാലാജി അടക്കം 4 പുതിയ മന്ത്രിമാരാണ് മന്ത്രിസഭയിലെത്തുന്നത്. ഡോ ഗോവി, ആർ രാജേന്ദ്രൻ, എസ് എം നാസർ എന്നിവരും മന്ത്രിസഭയിലുണ്ടാകും. നാളെ ഉച്ച കഴിഞ്ഞ് 3:30നാണ് സത്യപ്രതിജ്ഞ നടക്കുക.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നടത്തിയ പ്രചാരണത്തിലൂടെയാണ് ഉദയനിധി രാഷ്ട്രീയത്തിൽ സജീവമായത്. അന്ന് 39 സീറ്റുകളിൽ 38 എണ്ണം ഡി.എം.കെ. സഖ്യം നേടിയതോടെ ഉദയനിധിയെ പാർട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആദ്യം പാർട്ടി യുവജനവിഭാഗം സെക്രട്ടറിയാക്കി. അതിനുശേഷം നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റുനൽകി. കരുണാനിധിയുടെ പഴയമണ്ഡലത്തിൽനിന്ന് വിജയിച്ച ഉദയനിധിക്ക് പിന്നീട് കായികമന്ത്രിസ്ഥാനം നൽകി.
സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്.