ഇന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് തവാങ്. ഇതിന്റെ പ്രകൃതി ദൃശ്യവും മനോഹാരിതയും വിവരിക്കാനാവില്ല. എന്നാൽ ഈ നാടിനെ കുറിച്ചല്ല പറഞ്ഞുവരുന്നത്. അവിടെ എത്തിച്ചേരണമെങ്കിൽ അതിനേക്കാളും സുന്ദരിയായ മറ്റൊരിടം കടന്നുവേണം പോകാൻ. അധികമാർക്കും അറിയാത്ത അരുണാചൽപ്രദേശിന്റെ അങ്ങേയറ്റത്തുള്ള സുന്ദരമായ ഭൂമിയാണ് ബോംഡില. ഭൂട്ടാനിലേക്കുള്ള കവാടം എന്ന് വിളിക്കാം ഈ ചെറു പട്ടണത്തെ. പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഈ മലയോരപട്ടണം സമുദ്രനിരപ്പിൽ നിന്ന് 8,800 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മോൺപ, അക്ക, മിജി, ഷെർദുക്പെൻ, ബോഗുൻ ഗോത്രങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിൽ അരുണാചൽ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ബോംഡില സ്ഥിതി ചെയ്യുന്നത്.

സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടികളായ കാങ്‌ടെ, ഗോരിചെൻ കൊടുമുടികൾ ഉൾപ്പെടെ മഞ്ഞുമൂടിയ പർവതങ്ങൾ ഇവിടെ കാണാം. ബോംഡില ഫോട്ടോഗ്രാഫറുടെ ആനന്ദഭൂമിയെന്നാണ് അറിയപ്പെടുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ആകർഷണങ്ങൾ ഇവിടുത്തെ മൊണാസ്ട്രികളാണ്. ബോംഡില മൊണാസ്ട്രി, ജെന്റ്സെ ഗാഡൻ റാബ്ജിയൽ ലിംഗ് മൊണാസ്ട്രി എന്നിവ പ്രശസ്തമാണ്. ക്രാഫ്റ്റ് സെന്റർ, എത്‌നോഗ്രാഫിക് മ്യൂസിയം, ആപ്പിൾ തോട്ടങ്ങൾ, ബോംഡില വ്യൂ പോയിന്റ്, ആർആർ ഹിൽസ് തുടങ്ങി ചെറിയ മലയോര പ്രദേശമാണെങ്കിൽപ്പോലും ഇവിടെ കാണാൻ നിരവധി കാഴ്ചകളുണ്ട്. മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പുറമെ, ബോംഡിലോൺ മുതൽ മനോഹരമായ റോഡിലൂടെ തവാങിലേക്കും ഭൂട്ടാന്റെ അതിർത്തിയിലേക്കും പോകാമെന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരുക്കത്തിൽ, ബോംഡില പ്രകൃതിയുടെ യഥാർത്ഥ സന്തോഷങ്ങൾ അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ വാഗ്ദാനം ചെയ്യുന്നുവെന്ന് പറയാം. മഞ്ഞുമൂടിയ പർവതനിരകളുള്ള ഹിമാലയൻ ഭൂപ്രദേശത്തിന്റെ മനോഹരമായ കാഴ്ച ബോംഡില വാഗ്ദാനം ചെയ്യുന്നു.
ആപ്പിൾ തോട്ടങ്ങൾക്ക് പേരുകേട്ട ഇവിടം സന്ദർശകർക്ക് അവയിലൂടെ നടക്കാനുള്ള അവസരം ഒരുക്കി നൽകും. ബോംഡിലയ്‌ക്ക് ചുറ്റുമുള്ള പ്രദേശത്ത് നിരവധി ട്രെക്കിംഗ് ഹൈക്കിംഗ് പാതകൾ, അത് സാഹസികത അന്വേഷിക്കുന്നവരെ ആകർഷിക്കുന്നു. മധ്യകാലഘട്ടത്തിൽ ടിബറ്റ് രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. ഭൂട്ടാനിലെ പ്രാദേശിക ഗോത്ര ഭരണാധികാരികളും കാലാകാലങ്ങളിൽ ഇവിടം ഭരിച്ചു. ഈ പ്രദേശത്തെ 1873 ൽ ബ്രിട്ടീഷുകാർ അതിർത്തിയില്ലാത്തതായി പ്രഖ്യാപിച്ചിരുന്നു. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഈ പ്രദേശം ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണമായി. 1962 ൽ ചൈന ബോംഡിലയ്ക്ക് ചുറ്റുമുള്ള പ്രദേശം ആക്രമിച്ചെങ്കിലും പിന്നീട് പിൻമാറി. ബോവാഡിലയുടെ വടക്ക് ഭാഗത്താണ് തവാങ് എന്ന ചെറിയ പട്ടണം സ്ഥിതിചെയ്യുന്നത്.

ബോംഡിലയിൽ നിന്ന് തവാങ്ങിലേക്കുള്ള യാത്ര സഞ്ചാരിയെ ഗംഭിരതയാർന്ന ചില പർവതപ്രദേശങ്ങളിലൂടെ കൊണ്ടുപോകുന്നു. സമുദ്രനിരപ്പിൽ നിന്ന് 3,400 മീറ്റർ ഉയരത്തിലാണ് തവാങ് സ്ഥിതിചെയ്യുന്നത്. 400 വർഷം പഴക്കമുള്ള ബുദ്ധവിഹാരത്തിന് ലോകപ്രശസ്തമാണ് ഇത്. ഭൂട്ടാനിലേക്കുള്ള എളുപ്പവഴി കൂടിയാണ് ബോംഡില. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബോംഡില സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയം കാലാവസ്ഥ അതിമനോഹരമായിരിക്കും. തണുപ്പുണ്ടെങ്കിലും അത് ഒരു സുഖമുള്ള തണുപ്പായിട്ടായിരിക്കും നമുക്ക് ഫിൽ ചെയ്യുക. റോഡ് മാർഗം മാത്രമേ നമുക്ക് ഇവിടെ എത്തിച്ചേരാനാകൂ. ഇന്ത്യയുടെ വിദൂര ഭാഗത്താണ് ബോംഡില സ്ഥിതി ചെയ്യുന്നത്. അതു കൊണ്ട് സ്വന്തമായി ഒരു വിമാനത്താവളമോ റെയിൽവേ സ്റ്റേഷനോ ഇല്ല. അരുണാചൽ പ്രദേശിലെയും അസമിലെയും മറ്റ് പട്ടണങ്ങളുമായി റോഡ് മാർഗം ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
STORY HIGHLLIGHTS: places-to-visit-in-bomdila-arunachal-pradesh
















