തിരുവനന്തപുരം: നടൻ സിദ്ദിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്നും ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടികാണിച്ച് ഒളിച്ചിരിക്കുകയാണെന്നും അറിയിച്ച് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനുമാണ് തീരുമാനം.
ഇതുവരെയും സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനാകാത്തതിൽ ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം. സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ദിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം. കൊച്ചിയിൽ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ദിഖ് ഉള്ളതെന്നതിന്റെ തെളിവു ലഭിച്ചെന്നും കോടതിയെ അറിയിക്കുമെന്നുമാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടിസും മറ്റു സംസ്ഥാനങ്ങളിൽ പത്രങ്ങളിൽ പരസ്യം നൽകിയതുൾപ്പെടെ വിവരങ്ങൾ ധരിപ്പിക്കും. എസ്‌പി മെറിൻ ജോസഫും സംഘവുമാണ് പ്രത്യേക അന്വേഷണസംഘത്തിന് വേണ്ടി ന്യൂഡൽഹിക്ക് പോകുന്നത്.
















