ബെയ്റൂത്ത്: ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ലയെ വധിച്ചതിനു പിന്നാലെ ലബനാനു നേരെ വ്യാപക ആക്രമണം തുടർന്ന് ഇസ്രായേൽ. ലബനാന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ബെയ്റൂത്ത് വിമാനത്താവളത്തിനു സമീപം ഇസ്രായേൽ നടത്തിയ ആക്രമണം ഭീതി പടർത്തി.
ഇറാനിൽ നിന്നുള്ള യാത്രാ, ചരക്കുവിമാനങ്ങൾക്ക് ബെയ്റൂത്തിൽ അനുമതി നൽകരുതെന്ന് ഇസ്രായേൽ ലബനാൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. ശനിയാഴ്ച മാത്രം 33 പേർ കൊല്ലപ്പെടുകയും 195 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700ന് മുകളിലായി.
ബെയ്റൂത്തിലും മറ്റും ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണ ലബനാനിൽ നിന്ന് നൂറിലേറെ മിസൈലുകളാണ് ഇസ്രായേൽ പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. എന്നാൽ വെസ്റ്റേൺ ഗലീലിയയിലെ നഹാാരിയ നഗരത്തിലും മറ്റും മിസൈൽ പതിച്ച് തീപിടിത്തം ഉണ്ടായി. വെസ്റ്റ് ബാങ്കിലേക്കും ജറൂസലമിലക്കും റോക്കറ്റുകളെത്തി.
ഹസൻ നസ്റുല്ലയെ വധിച്ച ഇസ്രായേൽ നടപടിയെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും അഭിനന്ദിച്ചു. അതേസമയം, യുദ്ധവ്യാപനത്തിൽ താൽപര്യമില്ലെന്ന് ഇരുവരും പ്രതികരിച്ചു. നൂറുകണക്കിന് ഇസ്രായേലികളെ വധിച്ച ഹസൻ നസ്റുല്ലയെ വകവരുത്താൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും നെതന്യാഹു പറയുന്നു. ലബനാനുമായി കരയുദ്ധത്തിന് സജ്ജമാണെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.
ഇക്കാര്യത്തിൽ തീരുമാനം കൈകക്കൊളളാൻ ഇന്ന് നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേൽ ആവശ്യപ്പെട്ടു. ഈലാത്ത് നഗരത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയിൽ യു.എസ് സൈന്യം തങ്ങുന്ന കൊണോകോ ബേസിൽ രാത്രി വൻസ്ഫോടനം ഉണ്ടായി.
ഹസൻ നസ്റുല്ലയുടെ കൊലയ്ക്ക് ഇറാന്‍റെയും ഹിസ്ബുല്ലയുടെയും ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൻസുരക്ഷയിലാണ് ഇസ്രയേൽ. അതേസമയം, ഗസ്സയിലും വ്യാപക ആക്രമണം തുടരുകയാണ്.