World

ഹസൻ നസ്റുല്ല വധം: പിന്നാലെ ലബനാന് നേരെ വ്യാപക ആക്രമണം തുടർന്ന്​ ഇസ്രായേൽ; മരണം 1700 കടന്നു

ബെയ്റൂത്ത്: ഹിസ്ബുല്ല നേതാവ്​ ഹസൻ നസ്റുല്ലയെ വധിച്ചതിനു പിന്നാലെ ലബനാനു നേരെ വ്യാപക ആക്രമണം തുടർന്ന്​ ഇസ്രായേൽ. ലബനാന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ബെയ്​റൂത്ത്​ വിമാനത്താവളത്തിനു ​സമീപം ഇസ്രായേൽ നടത്തിയ ആക്രമണം ഭീതി പടർത്തി.

ഇറാനിൽ നിന്നുള്ള യാത്രാ, ചരക്കുവിമാനങ്ങൾക്ക്​ ബെയ്​റൂത്തിൽ അനുമതി നൽകരുതെന്ന്​ ഇസ്രായേൽ ലബനാൻ സർക്കാറിനോട്​ നിർദേശിച്ചിരുന്നു. ശനിയാഴ്ച മാത്രം 33 പേർ കൊല്ലപ്പെടുകയും 195 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തതായി ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700ന്​ മുകളിലായി​.

ബെയ്​റൂത്തിലും മറ്റും ഇസ്രായേൽ ആക്രമണത്തെ തുടർന്ന്​ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്​. ദക്ഷിണ ലബനാനിൽ നിന്ന്​ നൂറിലേറെ മിസൈലുകളാണ്​ ഇസ്രായേൽ പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയത്​. ഇതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. എന്നാൽ വെസ്​റ്റേൺ ഗലീലിയയിലെ നഹാാരിയ നഗരത്തിലും മറ്റും മിസൈൽ പതിച്ച്​ തീപിടിത്തം ഉണ്ടായി. വെസ്റ്റ്​ ബാങ്കിലേക്കും ജറൂസലമിലക്കും റോക്കറ്റുകളെത്തി.

ഹസൻ നസ്​റുല്ലയെ വധിച്ച ഇസ്രായേൽ നടപടിയെ അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനും വൈസ് പ്രസിഡൻ്റ്​ കമലാ ഹാരിസും അഭിനന്ദിച്ചു. അതേസമയം, യുദ്ധവ്യാപനത്തിൽ​ താൽപര്യമില്ലെന്ന്​ ഇരുവരും പ്രതികരിച്ചു. നൂറുകണക്കിന്​ ഇസ്രായേലികളെ വധിച്ച ഹസൻ നസ്​റുല്ലയെ വകവരുത്താൻ കഴിഞ്ഞത്​ മികച്ച നേട്ടമാണെന്നും ശത്രുക്കൾക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നും നെതന്യാഹു പറയുന്നു. ലബനാനുമായി കരയുദ്ധത്തിന്​ സജ്ജമാണെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.

ഇക്കാര്യത്തിൽ തീരുമാനം കൈകക്കൊളളാൻ ഇന്ന്​ നെതന്യാഹു സുരക്ഷാ സമിതി യോഗം വിളിച്ചതായി ഇസ്രാ​യേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. അമേരിക്കയിൽ നിന്ന്​ കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇസ്രായേൽ ആവശ്യപ്പെട്ടു. ഈലാത്ത്​ നഗരത്തിനു നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാഖിലെ ഇറാൻ അനുകൂല മിലീഷ്യ അറിയിച്ചു. സിറിയയിൽ യു.എസ്​ സൈന്യം തങ്ങുന്ന കൊണോകോ ​ബേസിൽ രാത്രി വൻസ്​ഫോടനം ഉണ്ടായി.

ഹസൻ നസ്​റുല്ലയുടെ കൊലയ്ക്ക്​ ഇറാന്‍റെയും ഹിസ്​ബുല്ലയുടെയും ഭാഗത്തുനിന്ന്​ തിരിച്ചടി ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ വൻസുരക്ഷയിലാണ്​ ഇസ്രയേൽ. അതേസമയം, ഗസ്സയിലും വ്യാപക ആക്രമണം തുടരുകയാണ്.