മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി.വി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.
കഴിഞ്ഞദിവസം നിലമ്പൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തിൽ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, കൊലവിളി മുദ്രാവാക്യത്തിൽ പി.വി അൻവർ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ‘വയനാട് ദുരന്തത്തിൽ ചാലിയാറിൽ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എൻ്റെ കൈയും കാലും അതിൽ ഒന്നാവട്ടെ’ -എന്നായിരുന്നു പി.വി അൻവറിന്റെ മറുപടി.
മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താൻ അവർ നിർബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവർ പോലും ആ കൂട്ടത്തിലുണ്ടെന്നും പി.വി അൻവർ പറഞ്ഞിരുന്നു.