ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ടായിരിക്കല്ലേ നിങ്ങളുടെ ദിവസം തുടങ്ങുന്നത്.. ദിവസം തുടങ്ങാൻ വേണ്ടി മാത്രമല്ല ഇതിനിടയിൽ പലനേരങ്ങളിലും നിങ്ങൾക്ക് കാപ്പി കുടിക്കുന്നുണ്ടാകും. നമുക്കിടയിൽ കാപ്പി പ്രിയരായ നിരവധി ആളുകൾ ഉണ്ട്. ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്നത് ശീലമാണ്. എന്നാൽ കാപ്പി കുടിയ്ക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
രാവിലെ ഒരു കപ്പ് കാപ്പി കുടിയ്ക്കുമ്പോൾ 100 മില്ലിഗ്രാമോളം കഫീനാണ് ശരീരത്തിലെത്തുന്നത്. കഫീൻ ഒരു ഉത്തേജനമായതിനാൽ രാവിലെ തന്നെ ശരീരത്തിന് ഉന്മേഷം നൽകാൻ ഇത് സഹായിക്കും. കഫീൻ ശരീരത്തിലെ കോർട്ടിസോൾ അളവ് കൂട്ടും. സ്ട്രെസ് ഹോർമോണാണ് കോർട്ടിസോൾ.
രാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുമ്പോൾ ശരീരം കോർട്ടിസോൾ പുറത്തുവിടും. രാവിലെ ഏഴിനും എട്ടിനുമിടയിൽ കോർട്ടിസോൾ വളരെ ഉയർന്നനിലയിലായിരിക്കും. ഉറങ്ങുമ്പോൾ അർദ്ധരാത്രിയിൽ ഏറ്റവും താഴ്ന്ന നിലയിലെത്തുകയും ചെയ്യും. ഉറക്കത്തെയും ഉണർച്ചയേയും നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം നിലനിർത്താനും ഇത് സഹായിക്കുന്നു.
അതിനാൽ രാവിലെ കഫീൻ അടങ്ങിയ കാപ്പി കുടിയ്ക്കുന്നത് ചിലരിൽ ഉത്കണ്ഠയും അസ്വസ്ഥകളും സൃഷ്ടിക്കുന്നു. കോർട്ടിസോളിന്റെ അളവ് നിരന്തരമായി കൂടുന്നത് ശരീരഭാരം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമായിത്തീരും.
രാത്രി കാപ്പി കുടിയ്ക്കുന്ന ചിലർക്ക് ഉറക്കം നഷ്ടപ്പെടും. ചിലർക്ക് പാതി രാത്രി കാപ്പി കുടിച്ചാലും നന്നായി ഉറങ്ങാൻ സാധിക്കും. ശരീരത്തിന്റെ ജനിതകഘടനയുടെ അടിസ്ഥാനത്തിൽ മെറ്റബോളിസത്തിലുള്ള വ്യത്യാസമാണ് ഇതിന് കാരണം.
കാപ്പി ഒരോ വ്യക്തിയിലും വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ കൃത്യമായ ഒരു സമയം കണ്ടെത്താൻ കഴിയില്ല. എന്നാൽ രാവിലെ 9.30-നും 11-നും ഇടയിൽ കാപ്പി കുടിയ്ക്കുന്നത് കൂടുതൽ നല്ലതാണ്.ഈ സമയത്ത് ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കുറഞ്ഞിരിക്കും.
Content highlight: Best time for coffee