Kerala

സിദ്ദിഖിനെ കണ്ടെത്താന്‍ പണി പതിനെട്ടും പയറ്റി അന്വേഷണ സംഘം; നിര്‍ബന്ധിത തന്ത്രങ്ങള്‍ പോലീസ് പ്രയോഗിക്കുകയാണെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍

ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ സിദ്ദിഖിനെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സിദ്ദിഖ് പോകാന്‍ സാധ്യതയുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും എസ്‌ഐടി സംഘം പ്രാദേശിക പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, തന്റെ പിതാവ് എവിടെയാണെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ സംഘം നിര്‍ബന്ധിത തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്ന് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ ഞായറാഴ്ച ആരോപിച്ചു. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നദീര്‍ ബേക്കര്‍, പോള്‍ ജോയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എസ്‌ഐടി കസ്റ്റഡിയിലെടുത്ത തന്റെ രണ്ട് സുഹൃത്തുക്കളായ നദീര്‍ ബക്കര്‍, പോള്‍ ജോയ് മാത്യു എന്നിവരെ ഇപ്പോള്‍ കാണാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് പുലര്‍ച്ചെ 4.15 നും 5.15 നും ഇടയില്‍ വീടുകളിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. സിദ്ദിഖിനെ കുറിച്ച് വിവരം നല്‍കിയില്ലെങ്കില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയതായി സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ പറഞ്ഞു. സുഹൃത്തുക്കളെ വേഗം വിട്ടയക്കണമെന്നും ഷഹീന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. സിദ്ദിഖിന്റെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തി. ഇന്നലെയാണ് കൊച്ചിയിലെ വീട്ടിലെത്തി പരിശോധന നടത്തിയത്.

യുവനടി ഉള്‍പ്പെട്ട ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി സിദ്ദിഖിനെ കാണാതായി. തിങ്കളാഴ്ചയാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബലാത്സംഗം (ഐപിസി 376), ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ (506) എന്നീ വകുപ്പുകള്‍ പ്രകാരം സിദ്ദിഖിനെതിരെ കേസെടുത്തു. 2016 ജനുവരിയില്‍ തിരുവനന്തപുരത്തെ മാസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് നടി പോലീസിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ പ്രദര്‍ശനത്തിനിടെയാണ് താന്‍ സിദ്ദിഖിനെ കണ്ടതെന്ന് നടി പറഞ്ഞിരുന്നു.