Qatar

ഖത്തറിലെ സർക്കാർ ജീവനക്കാർക്ക് ജോലി സമയം സൗകര്യപ്രദമായി ക്രമീകരിക്കാം : റിമോട്ട് വർക്ക് സൗകര്യം ഇന്ന് മുതൽ പ്രാബല്യത്തിൽ

വർക്ക് ഫ്രം ഹോം അനുമതി ലഭിക്കുന്നതിന്, ജീവനക്കാർക്ക് ആവശ്യമായ ദിവസങ്ങളുടെ എണ്ണം

ഖത്തറിലെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ജോലിസമയം സൗകര്യപ്രദമായി ക്രമീകരിക്കാൻ അനുവദിക്കുന്ന നിയമം ഇന്ന് (സെപ്റ്റംബർ 29) മുതൽ പ്രാബല്യത്തിൽ വന്നതായി സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ (സിജിബി) അറിയിച്ചു. ജീവനക്കാർക്ക് അവരുടെ ജോലിയെയും കുടുംബത്തെയും ഒരുമിച്ചുകൊണ്ടുപോകാനും ജോലി ചെയ്യുന്ന അമ്മമാർ, വികലാംഗർ തുടങ്ങിയ വിഭാഗങ്ങളെ ശാക്തീകരിക്കാനും ലക്ഷ്യമാക്കിയാണ് തീരുമാനം.

“മവാർഡ്” സിസ്റ്റം വഴി സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് സിസ്റ്റത്തിന് അപേക്ഷിക്കാം. പുതിയ പ്രഖ്യാപന പ്രകാരം,സർക്കാർ മേഖലയിലെ ഏഴ് മണിക്കൂർ ജോലി സമയം സൗകര്യപ്രദമായ തരത്തിൽ ചെറിയ രീതിയിൽ ക്രമീകരിക്കാൻ ജീവനക്കാർക്ക് അനുവാദമുണ്ടാകും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള പ്രവർത്തിസമയത്തിൽ ഭേദഗതി വരുത്താനാണ് അനുമതിയുണ്ടാവുക. ഇതനുസരിച്ച് ജോലി ആവശ്യകതകളെ ബാധിക്കാതെ രാവിലെ 6:30 നും 8:30 നുമിടയിൽ ജോലിയിൽ പ്രവേശിക്കാം. ഖത്തർ ദേശീയ ദർശനം 2030ന്റെ ഭാഗമായാണ് തീരുമാനം.

വർക്ക് ഫ്രം ഹോം അനുമതി ലഭിക്കുന്നതിന്, ജീവനക്കാർക്ക് ആവശ്യമായ ദിവസങ്ങളുടെ എണ്ണം നൽകുകയും തീയതികൾ വ്യക്തമാക്കുകയും ചെയ്തുകൊണ്ട് സിസ്റ്റത്തിൽ ഒരു അഭ്യർത്ഥന നൽകാം. അപേക്ഷകൾ അംഗീകാരത്തിനായി അപേക്ഷകന്റെ ഡയറക്ടർക്ക് നേരിട്ട് അയയ്ക്കും. അപേക്ഷയ്‌ക്കൊപ്പം കുട്ടിയുടെ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം.

ഔദ്യോഗിക പ്രവർത്തി സമയം പാലിക്കുകയും, സർക്കാർ മേഖലയിലെ ജോലി ആവശ്യകതകളെ ഇത് ബാധിക്കാതിരിക്കുകയും ചെയ്താൽ, ഫ്ലെക്സിബിൾ ടൈമിംഗ് അനുസരിച്ച് ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നു.

Latest News