ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലീം അൽ ഹബ്സി അറബ് ഫണ്ട് ഫോർ ഇക്കണോമിക് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ബദർ അൽ സാദുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഫണ്ടും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ചർച്ച ചെയ്തു.
മുസന്ദം ഗവർണറേറ്റിൽ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസിന്റെ (യു.ടി.എ.എസ്) ശാഖ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് ധനസഹായം നൽകുന്നതിനുള്ള വായ്പാ കരാറിൽ യോഗത്തിൽ ഒപ്പുവെച്ചു. ഒമാനിലെ സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളെ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ഇരു പാർട്ടികളും തമ്മിലുള്ള സഹകരണ ശ്രമങ്ങളുടെ തുടർച്ചയാണ് ഈ കരാർ.
ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ വികസന സംരംഭങ്ങളുമായി സർവകലാശാല ശാഖയൊരുക്കൽ യോജിച്ച് വരുന്നുണ്ട്. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ദേശീയ പ്രതിഭകളെ തയ്യാറാക്കുകയും യോഗ്യത നേടുകയും ചെയ്യുന്നതിലൂടെ ബിരുദധാരികളുടെ കഴിവുകൾ വർധിപ്പിക്കാൻ സർവകലാശാല ശ്രമിക്കുന്നു.