Kerala

പി വി അന്‍വര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തി; തോമസ് പീലിയാനിക്കല്‍

പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാനാവാത്ത പ്രവൃത്തിയാണെന്ന് പരാതിക്കാരനായ തോമസ് പീലിയാനിക്കല്‍. ഫോണ്‍ ചോര്‍ത്തുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പണിയല്ല. മറ്റൊരാളുടെ ഫോണ്‍ ചോര്‍ത്തുക എന്നത് വളരെ ഗുരുതരമായ തെറ്റാണെന്ന് ബോധ്യം വന്നതു കൊണ്ടാണ് പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളില്‍ കണ്ടതു പ്രകാരമാണ് പരാതി നല്‍കിയത്. തെളിവ് ഹാജരാക്കിയിട്ടില്ല. 12 വര്‍ഷം മുമ്പു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുപ്പവുമില്ല, അകല്‍ച്ചയുമില്ല. പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാന്യത വിട്ടുള്ള പ്രവൃത്തിയാണ് അന്‍വര്‍ ചെയ്തത് എന്നതാണ് പരാതി നല്‍കാന്‍ കാരണമെന്നും തോമസ് പീലിയാനിക്കല്‍ പറഞ്ഞു.

ഈ മാസം അഞ്ചാം തീയതിയാണ് ഇ മെയില്‍ മുഖാന്തിരം പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് താന്‍ ചെയ്തത്. അതില്‍ തുടര്‍നടപടി എടുക്കേണ്ടത് അധികൃതരുടെ ജോലിയാണ്. ആരുടേയും നിര്‍ദേശപ്രകാരമല്ല പരാതി നല്‍കിയതെന്നും തോമസ് പീലിയാനിക്കല്‍ കൂട്ടിച്ചേര്‍ത്തു. പരാതി ശനിയാഴ്ചയാണ് ഡിജിപി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയത്.