കോഴിക്കോട്: ഇന്നലെ അന്തരിച്ച സിപിഎം നേതാവ് പുഷ്പൻ്റെ മൃതദേഹം സംസ്കരിച്ചു. പാർട്ടി വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസ്കരിച്ചത്. കോഴിക്കോടുള്ള മൃതദേഹം വിലാപയാത്രയായാണ് ചൊക്ലിയിലെ വീട്ടിലെത്തിച്ചത്.
ചൊക്ലിയിലെ വീട്ടിൽ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരക്കണക്കിനു പ്രവർത്തകരാണ് എത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, നേതാക്കളായ പി. ജയരാജൻ, ഇ.പി.ജയരാജൻ, എം.സ്വരാജ്, എ.എ.റഹീം ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
കോഴിക്കോടു നിന്ന് 11 മണിയോടുകൂടി മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിൽ എത്തിച്ചു. ഇവിടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് ഇവിടെ ഒരു മണിക്കൂർ പൊതുദർശനത്തിനുവെച്ചു. പുഷ്പനെ അവസാനമായി കാണാൻ ജനസാഗരമാണ് അവിടെ ഉണ്ടായിരുന്നത്. എം.വി രാഘവൻ്റെ മകനും സിപിഎം നേതാവുമായ എം.വി നികേഷ് കുമാറും പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
മൂന്ന് പതിറ്റാണ്ടുകൾ ശരീരം തളർന്ന് ശയ്യയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് അന്തരിച്ചത്. 1994 നവംബർ 25ന് നടന്ന കൂത്തുപറമ്പ് പോലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ മരിച്ചിരുന്നു.
അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവനെ തടയാനെത്തിയ സമരക്കാർക്കു നേരെയായിരുന്നു പോലീസ് വെടിവയ്പ്പ്. കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട 24കാരനായിരുന്ന പുഷ്പന്റെ സുഷുമ്ന നാഡിക്കാണ് പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്ക് തളർന്നുപോയ പുഷ്പൻ അന്നുമുതൽ കിടപ്പിലാണ്.