കൊച്ചി: നടൻ സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാദിൻ ബെക്കർ, പോൾ ജോയ് മാത്യു എന്നിവരെയാണ് ചോദ്യം ചെയയ്ലിന് ശേഷം വിട്ടയച്ചത്. ഞായറാഴ്ച രാവിലെ 5.30 ഓടെ മേനക, കടവന്ത്ര എന്നിവിടങ്ങളിലെ ഫ്ലാറ്റുകളിൽ നിന്നും ഇവരെ അന്വേഷണ സംഘം വിളിപ്പിക്കുകയായിരുന്നു.
സിദ്ദിഖിന് സഹായം ചെയ്ത് കൊടുത്തോ എന്നാണ് അന്വേഷണ സംഘം ചോദിച്ചത്. തങ്ങളെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ല. നോട്ടീസ് നൽകി കൊണ്ടുപോവുകയാണ് ചെയ്തത്. സിദ്ദിഖിനെക്കുറിച്ചാണ് ചോദിച്ചതെന്നും നാദിൻ പ്രതികരിച്ചു.
ലൈംഗിക അതിക്രമ കേസിൽ നടൻ സിദ്ദിഖിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിൽ പോയിരുന്നു. ഒളിവിൽ പോകുന്നതിന് സഹായിച്ച കാറുമായി ബന്ധപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിന്റെ മകന്റെ സുഹൃത്തുക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. ഇത് സംബന്ധിച്ച് യുവാക്കളുടെ കുടുംബങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.
സിദ്ദിഖ് എവിടെയെന്ന് ചോദിച്ചാണ് പുലർച്ചെ പൊലീസ് സംഘം പോളിനെയും നാഹിയെയും കസ്റ്റഡിയിലെടുത്തതെന്ന് ബന്ധുക്കൾ ആരോപിച്ചു. നടപടിക്രമം പാലിക്കാതെ പുലർച്ചെ ഉണ്ടായ പൊലീസ് കസ്റ്റഡിക്കെതിരെ ഇവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇവർ പരാതി നൽകി.