സെൻട്രൽ സ്വിറ്റ്സർലാൻഡിലെ പ്രശസ്ത പർവ്വതമായ റിഗി പർവ്വതത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് റിഗി കാൾട്ട് . തെളിഞ്ഞ ദിവസമാണെങ്കിൽ കൊടുമുടിയിൽ നിന്നാൽ ലുസേൺ തടാകം, സുഗ് തടാകം, ആൽപ്‌സിലെ വിദൂര കൊടുമുടികൾ, ജുറപർവ്വതനിരകൾ, ജർമ്മനിയിലെ കറുത്ത വനം എന്നിവയുൾപ്പെടെ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ വിശാലമായ കാഴ്ചകൾ കാണാൻ സാധിക്കും. മോശം കാലാവസ്ഥയാണെങ്കിൽ തൊട്ട് അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റില്ല.
ഒന്നുകിൽ ലുസേൺ പട്ടണത്തിൽ നിന്ന് ബോട്ടിൽ കയറി വെഗ്ഗീസിൽ ഇറങ്ങി കേബിൾ കാറു വഴി കാൾട്ട് ബാതിൽ എത്താം. അവിടെ നിന്ന് ട്രെയിനിൽ കൊടുമുടിയിലേക്ക് ഉള്ള യാത്ര തുടരാം. രണ്ടാമത്തെ വഴി ബോട്ടിൽ വെഗ്ഗീസ് കഴിഞ്ഞു വരുന്ന വിറ്റ്‌സ്‌നൗ stop ൽ ഇറങ്ങി യൂറോപ്പിലെ ആദ്യത്തെ പർവ്വത റെയിലിൽ വഴി നേരിട്ട് റിഗിയിൽ എത്താം. മൂന്നാമത്തെ വഴി ആർത്ത്-ഗോൾഡൗ നിന്ന് മൗണ്ടൻ ട്രെയിൻ വഴി പർവ്വത കൊടുമുടിയിൽ എത്തിച്ചേരാനുള്ള മാർഗം ആണ്. മനോഹരമായ യാത്രകൾ വാഗ്ദാനം ചെയ്യുന്ന റിഗി റെയിൽവേയും സ്വിസ്സിലെ ഒരു പ്രധാന ആകർഷണമാണ്.
മോശം കാലാവസ്ഥയും മൂടൽ മഞ്ഞും മൂലം റിഗിമലയുടെ മുകളിൽ നിന്നുള്ള കാഴ്ചകൾ ഒന്നും കാണാൻ പറ്റിയില്ല. ,തടാകങ്ങൾക്കും അതിമനോഹരമായ കാഴ്ചകൾക്കും ഇടയിലുള്ള സവിശേഷമായ സ്ഥാനം കാരണമാണ് റിഗിയെ പർവതങ്ങളുടെ രാജ്ഞി എന്ന് വിളിക്കുന്നത്. ഹൈക്കിംഗ്, സ്കീയിംഗ്, പ്രകൃതിരമണീയമായ ട്രെയിൻ യാത്രകൾ തുടങ്ങിയ വിനോദങ്ങൾക്കായി നൂറ്റാണ്ടുകൾക്ക് മുൻപേ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി റിഗി പേര് കേട്ടിട്ടുണ്ട്. വർഷം മുഴുവൻ ഇവിടെ എത്താം.
360-ഡിഗ്രി പനോരമിക് കാഴ്ചകൾക്കും അതിമനോഹരമായ സൂര്യോദയങ്ങൾക്കും സൂര്യാസ്തമയങ്ങൾക്കും പേരുകേട്ടതാണ് റിഗി കൊടുമുടി എന്ന് കൂടി പറയണം. തടാകങ്ങളിലും പർവ്വതനിരകളിലും ഉദയാസ്തമയ പ്രകാശം നിറഞ്ഞു നിൽക്കുന്ന നയനമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനായും ധാരാളം സഞ്ചാരികൾ ഇവിടെ വരാറുണ്ട്.
1800-കളിൽ കൊടുമുടിക്ക് സമീപം നിർമ്മിച്ച ചരിത്രപ്രസിദ്ധമായ റിഗി ഹോട്ടൽ മനോഹര കാഴ്ച്ച തന്നെയാണ്. പ്രവേശനക്ഷമത, ചരിത്രം, അതിശയകരമായ പ്രകൃതി എന്നിവയുടെ സംയോജനം ഈ സ്ഥലത്തെ സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പ്രിയപ്പെട്ട പ്രകൃതിദത്ത ലാൻഡ്‌മാർക്കുകളിൽ ഒന്നാക്കി മാറ്റുന്നു. സ്വിസ്സ് പർവ്വതങ്ങളുടെ ആകർഷണീയതയുടെ പ്രതീകമായ ഈ രാജ്ഞിമല, സാഹസികതയും സമാധാനവും വിനോദവും ആഗ്രഹിക്കുന്നവർക്ക് മികച്ച വിനോദസഞ്ചാര കേന്ദ്രമാണ്.