ന്യൂഡൽഹി: ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ദേഹാസ്വാസ്ഥ്യം. പിന്നാലെ പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കും വരെ താൻ മരിക്കില്ലെന്ന് ഖാർഗെ പ്രസ്താവനയും നടത്തി.
ജമ്മു കശ്മീരിൽ അവസാനഘട്ട നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കത്വയിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. പ്രസംഗം തുടങ്ങുമ്പോൾ മുതൽ ഖാർഗെ അസ്വസ്ഥനായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ വാക്കുകൾ മുറിഞ്ഞ് ശ്വാസോച്ഛാസം ദ്രുതഗതിയിലായി. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാർഗെയെ താങ്ങി നിർത്തി. വെള്ളം കുടിച്ച ശേഷം വീണ്ടും പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യമുണ്ടായി. തുടർന്ന് പ്രസംഗം പാതി വഴിയിൽ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങുകയുമായിരുന്നു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ കൊണ്ടുവരുമെന്ന് ഖാർഗെ പിന്നീട് പറഞ്ഞു. ‘ഇപ്പോൾ എനിക്ക് 83 വയസുണ്ട്. അത്ര പെട്ടെന്നൊന്നും ഞാൻ മരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് താഴെ ഇറക്കും വരെ താൻ ജീവിച്ചിരിക്കും’- ഖാർഗെ പറഞ്ഞു.
രക്തസമ്മർദ്ദത്തിലുണ്ടായ പ്രശ്നമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിനാണ് ജമ്മു കശ്മീരിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.