നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് പി.വി. അൻവർ നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിച്ചു. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്നും എല്ലാവരേയും ഒന്നായേ താൻ കണ്ടിട്ടുള്ളൂവെന്നും അൻവർ പറഞ്ഞു.
മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച. മത വിശ്വാസികൾ വർഗീയവാദികൾ അല്ല, മറ്റ് മതങ്ങളെ എതിർക്കുന്നവരാണ് വർഗീയവാദികളെന്നും അൻവർ കൂട്ടിച്ചേർത്തു.
ചന്തക്കുന്നിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വൻ ജനാവലിയാണ് എത്തിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും ആളുകൾ പരിപാടിക്കെത്തി.
വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അൻവർ യോഗസ്ഥലത്തേക്ക് എത്തിയത്. കൂത്തുപറമ്പ് സമരനായകൻ പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ഇ.എ. സുകുവാണ് യോഗത്തിൽ സ്വാഗത പ്രസംഗം നടത്തിയത്.
‘കേരളം സ്ഫോടനാവസ്ഥയിലാണ്. പൊലീസിൽ 25 ശതമാനം ക്രിമിനലുകളാണ്. മൂന്നു വർഷത്തിലേറെയായി കരിപ്പൂർ വിമാനത്താവളത്തിലൂടെ വൻ തട്ടിപ്പ് നടക്കുന്നു. കേരളം വെള്ളരിക്കാപ്പട്ടണമായി മാറി. പാർട്ടിയെന്നാൽ സാധാരണ സഖാക്കളാണ്.’- അൻവർ ചൂണ്ടിക്കാട്ടി. ‘എൻ്റെ ഹൃദയത്തിൽ പിണറായി വിജയൻ വാപ്പയായിരുന്നു, അദ്ദേഹത്തെ വിശ്വസിച്ചു. മുഖ്യമന്ത്രിയോട് അഞ്ച് മിനുട്ടല്ല, 37 മിനുട്ട് സംസാരിച്ചു. മുഖ്യമന്ത്രി എഡിജിപിയെ മുറുക്കിപ്പിടിച്ചിരിക്കുകയാണെന്നും’ അൻവർ പറഞ്ഞു.
സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്നത്തേത്. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു പൊതുയോഗം. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.